/kalakaumudi/media/media_files/2025/09/20/ayyappa-2-2025-09-20-14-22-37.jpg)
പമ്പ: ശബരിമല അയ്യപ്പ സംഗമത്തില്‍ പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതില്‍ നീരസം പ്രകടിപ്പിച്ച് തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍. മുഖ്യമന്ത്രി പ്രസംഗിച്ചശേഷം ദേവസ്വം മന്ത്രി വി.എന്‍.വാസവനാണ് പ്രസംഗിച്ചത്.
പിന്നീട് തമിഴ്‌നാട് മന്ത്രി പി.കെ.ശേഖര്‍ബാബു പ്രസംഗിച്ചു. അതിനുശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയാണ് പ്രസംഗിക്കാനായി ക്ഷണിച്ചത്. ഇതോടെയാണ്, മന്ത്രി നീരസം പ്രകടിപ്പിച്ചത്. അധികൃതര്‍ മന്ത്രിയെ അനുനയിപ്പിച്ചു. പ്രസംഗം നടത്തിയശേഷമാണ് മന്ത്രി വേദിവിട്ടത്.
ശബരിമലയില്‍ ദര്‍ശനത്തിനായി ഉച്ചയ്ക്കു മുന്‍പ് എത്തേണ്ട കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നാണ് മന്ത്രിയോട് അടുപ്പമുള്ളവര്‍ പറയുന്നത്. സംഗമത്തിന് വിളിച്ചതില്‍ തമിഴ്‌നാട് മന്ത്രിമാര്‍ നന്ദി അറിയിച്ചു. ആദ്യം റജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് ആഗോള അയ്യപ്പ സംഗമത്തിലെ പ്രതിനിധികളായി തിരഞ്ഞെടുത്തത്.
ഈ പ്രതിനിധികള്‍ക്ക് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച സാമൂഹിക- സാംസ്‌കാരിക- സാമുദായിക സംഘടനകളിലെ പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരം. 1,300 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ ശബരിമല വികസനത്തിനായി അവതരിപ്പിക്കും.