ഉണ്ണികഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജിയില്‍ നാളെ വിധി

അതിസങ്കീര്‍ണ കേസായതിനാല്‍ കുറ്റപത്രം വൈകുന്നതില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം

author-image
Biju
New Update
potty

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. അതിസങ്കീര്‍ണ കേസായതിനാല്‍ കുറ്റപത്രം വൈകുന്നതില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന ആവശ്യവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറടക്കം നാലുപേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിരീക്ഷണം നടത്തിയത്. കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്നും അതിനുള്ള മേല്‍നോട്ടം തങ്ങളുടെ ഭാഗത്തുനിന്നുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.

കേസിലെ പ്രതികള്‍ ഓരോരുത്തരായി സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോള്‍ പ്രതിപക്ഷം അതിനെ വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി മുഖ്യമന്ത്രിയുടെ ഓഫീസിനെയടക്കം പ്രതിക്കൂട്ടിലാക്കി ശബരിമല വിഷയത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. പ്രതികളെ പുറത്തിറങ്ങാന്‍ കുറ്റപത്രം മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്നടക്കം വിമര്‍ശിച്ചു. എന്നാല്‍ എസ്.ഐ.ടി.യുടെ അന്വേഷണം ശരിയായ ദിശയില്‍ത്തന്നെയാണെന്ന കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടിയായി.

അതേസമയം കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക. കട്ടിളപ്പാളി കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവികമായ ജാമ്യം ലഭിച്ചേക്കും.