/kalakaumudi/media/media_files/2025/10/24/sabpp-2025-10-24-08-48-39.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനേയും സംശയമുനയില്‍ നിര്‍ത്തുന്ന ഹൈക്കോടതി പരാമര്‍ശങ്ങളില്‍ ബോര്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.
ഈ വര്‍ഷത്തെ മേല്‍ശാന്തിയുടെ സഹായികളുടെ മുഴുവന്‍ പേര് വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടത്. ഇതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
ശബരിമലുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേല്‍ശാന്തിമാരുടെ സഹായികളെ സംബന്ധിച്ച അഞ്ച് വിഷയങ്ങളില്‍ മറുപടി നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായി നിയമിക്കപ്പെടുന്നവരുടെ പൂര്‍ണ പേരും വ്യക്തിഗത വിവരങ്ങളും അറിയിക്കണം. മുന്‍കാല ചരിത്രവും പശ്ചാത്തലവും വിശദീകരിക്കണം. സന്നിധാനത്ത് വരുന്നതിനു മുമ്പ്, ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ച് ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ടോ എന്നും അറിയിക്കണം.
ആരെങ്കിലും മുന്‍കാല മേല്‍ശാന്തിമാരുടെ സഹായിമാരായി സന്നിധാനത്ത് ഉണ്ടായിരുന്നോ? ഇവര്‍ ശബരിമലയില്‍ നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വം എന്നീ കാര്യങ്ങളിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
