ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം: സഭയില്‍ ശരണം വിളിച്ച് പ്രതിപക്ഷം

ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനര്‍ കെട്ടിയ പ്രതിപക്ഷം സഭയില്‍ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നാണ് ബാനറിലുള്ളത്.

author-image
Biju
New Update
kla

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വര്‍ണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 

ശബരിമല പ്രശ്‌നം സഭയില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാല്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 

ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനര്‍ കെട്ടിയ പ്രതിപക്ഷം സഭയില്‍ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നാണ് ബാനറിലുള്ളത്. 

ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. അതേസമയം, ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും സമ്മേളിച്ചാല്‍ പ്രതിഷേധം കനക്കുമെന്ന് തന്നെയാണ് സൂചന.

ശബരിമല സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴികളില്‍ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലന്‍സ്. വിഷയത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 

വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ സ്പോണ്‍സര്‍-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്.