ശബരിമല സ്വര്‍ണക്കൊള്ള ; പ്രതി കെ പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

നിലവിൽ ശങ്കരദാസിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാമെന്നും ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ സെൻട്രൽ ജയിലിലേക്കെത്തിക്കുന്നത്

author-image
Devina
New Update
shankar das

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി കെ പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം കാരണം ചികിത്സയിലായിരുന്ന ശങ്കരദാസിനെ മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെയാണ് നീക്കം.

 ശങ്കർദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇതോടെയാണ് ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചത്.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട സമയം മുതൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശങ്കരദാസിന്റെ ആരോഗ്യനിലയിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. ശങ്കർദാസിന്റെ അറസ്റ്റ് വൈകിക്കുന്നതിൽ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതി വലിയ വിമർശനവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശങ്കരദാസിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തയത്.

കേസിൽ കോടതി ശങ്കരദാസിനെ റിമാൻഡ് ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റാനാവില്ലെന്നും സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചതിന് തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നത്.

നിലവിൽ ശങ്കരദാസിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാമെന്നും ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ സെൻട്രൽ ജയിലിലേക്കെത്തിക്കുന്നത്.