തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അടച്ചിട്ട മുറിയിലാകും കോടതി നടപടികള്‍ പുരോഗമിക്കുക. സ്വര്‍ണക്കളളയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഓരോ രണ്ടാഴ്ച കൂടുമ്പോഴും സമര്‍പ്പിക്കണമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിച്ചാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
ആദ്യത്തെ കേസായാണ് ദേവസം ബെഞ്ച് ഇത് പരിഗണിക്കുക. കേസിന്റെ രഹസ്യാത്മകത സൂക്ഷിക്കാനാണ് അടിച്ചിട്ട മുറിയില്‍ കോടതി നടപടികള്‍ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കോടതിയുടെ തീരുമാനം.
അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്യുന്നത് ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വേണ്ടി 2019 ല്‍ ശബരിമല സന്നിധാനത്തു നിന്ന് സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യം ആണ്. ഇയാളെ ഇന്നലെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയായിരുന്നു ഇന്നലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ നടന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അനന്തസുബ്രഹ്മണ്യത്തിന്റെ പങ്ക് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളികള്‍ ബംഗളുരുവിലേക്ക് കൊണ്ടുപോയതും, പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശാനുസരണം ഹൈദരാബാദില്‍ എത്തിച്ച് നാഗേഷ് എന്നയാള്‍ക്ക് കൈമാറിയതും അനന്തസുബ്രഹ്മണ്യം ആണെന്നാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
