/kalakaumudi/media/media_files/2026/01/14/shankar-2026-01-14-20-22-15.jpg)
തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ പതിനൊന്നാം പ്രതിയാണ്. എ.പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോര്‍ഡിലെത്തിയത്. ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
അന്വേഷണത്തില്‍ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചത്. മകന്‍ പൊലീസ് ഓഫിസര്‍ ആയതിനാല്‍, കേസില്‍ പ്രതിയായതുമുതല്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസ് ആശുപത്രിയിലാണ്. മാന്യത വേണം പ്രത്യേക അന്വേഷണ സംഘത്തോടു കോടതി പറഞ്ഞതിങ്ങനെ.
കെ.പി.ശങ്കരദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്‌ഐടി കടന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്. ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്‌ഐടി കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ കോടതി നിര്‍ദേശം അനുസരിച്ച് തീരുമാനിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
