പത്മകുമാര്‍ പതിനാല് ദിവസം റിമാന്റില്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക് സിപിഎം, രാഷ്ട്രീയ നിയമനങ്ങളുടെ ഭാഗമായി കസേരയിട്ട് ഇരുത്തിയ എന്‍.വാസുവും തൊട്ടുപിന്നാലെ എ.പത്മകുമാറും അഴിക്കുള്ളിലാകുന്നതോടെ പാര്‍ട്ടി രാഷ്ട്രീയമായി തന്നെ മറുപടി പറയേണ്ട നിലയിലാണ്.

author-image
Biju
New Update
PDMA

തിരുവനന്തപുരം: സ്വര്‍ണകൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. അദ്ദേഹത്തെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റി. അതേസമയം കേസില്‍ ഒരു മാസത്തിനിപ്പുറം പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ 'ദൈവതുല്യര്‍' ആരാണെന്ന ചോദ്യത്തിനു കൂടി ചുരുളഴിയുമെന്നാണു പ്രതീക്ഷ. ശബരിമല മണ്ഡല, മകരവിളക്ക് സീസണ്‍ തുടങ്ങിയതിനു തൊട്ടുപിന്നാലെയാണു പത്തനംതിട്ട ജില്ലയിലെ സിപിമ്മിന്റെ ഉന്നത നേതാവ് അറസ്റ്റിലായിരിക്കുന്നത്. ഒക്ടോബര്‍ 17ന് ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായതു മുതല്‍ ഹൈക്കോടതിയുടെ കര്‍ശന നിയന്ത്രണത്തില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം ഒടുവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിലേക്കു കൂടി എത്തുമ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പ് വേളയില്‍ സിപിഎമ്മും കടുത്ത പ്രതിരോധത്തിലായി. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക് സിപിഎം, രാഷ്ട്രീയ നിയമനങ്ങളുടെ ഭാഗമായി കസേരയിട്ട് ഇരുത്തിയ എന്‍.വാസുവും തൊട്ടുപിന്നാലെ എ.പത്മകുമാറും അഴിക്കുള്ളിലാകുന്നതോടെ പാര്‍ട്ടി രാഷ്ട്രീയമായി തന്നെ മറുപടി പറയേണ്ട നിലയിലാണ്. സ്വര്‍ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്മാരുടെ പട്ടികയിലാണ് എന്‍.വാസുവിനെയും പത്മകുമാറിനെയും ക്രൈംബ്രാഞ്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമാണെന്നും പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേതാക്കള്‍ ഭരിച്ച ദേവസ്വം ബോര്‍ഡുകള്‍ക്ക് പങ്കില്ലെന്നു ന്യായീകരിച്ചിരുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വത്തിനു കനത്ത തിരിച്ചടിയാണ് പത്മകുമാറിന്റെ അറസ്റ്റ്.

എന്‍.വാസു ഉള്‍പ്പെടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും പോറ്റിക്ക് പത്മകുമാറിന്റെ ഭരണകാലത്ത് ശബരിമലയില്‍ സര്‍വസ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന്റെ വീട്ടിലെത്തി ഗൂഢാലോചന നടത്തിയതായും എസ്ഐടി കണ്ടെത്തി. ദ്വാരപാലക ശില്‍പങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണം കവര്‍ച്ച ചെയ്തതില്‍ രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.

കട്ടിളപ്പാളി കേസിലാണ് പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിനെ എട്ടാം പ്രതിയായി ഉള്‍പ്പെടുത്തിയത്. അതിനു ശേഷം എസ്ഐടി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ എല്ലാം ബോര്‍ഡ് അംഗങ്ങള്‍ക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് ഊന്നിപ്പറഞ്ഞിരുന്നു. ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍.വാസു ചെമ്പുപാളികള്‍ എന്നെഴുതി നല്‍കിയ ശുപാര്‍ശ അതേപടി അംഗീകരിച്ച് ബോര്‍ഡ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചതാണ് കൊള്ളയ്ക്കു കളമൊരുക്കിയത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരും അന്നത്തെ ബോര്‍ഡ് അംഗങ്ങളായിരുന്നു. പത്മകുമാറിനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണവും അറസ്റ്റും ഇവരിലേക്കു കൂടി എത്തുമോ എന്നതാണ് അറിയേണ്ടത്.