ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെത്തി, ഇലക്ട്രോണിക്‌സ് രേഖകള്‍ പിടിച്ചെടുത്തു

ഈ വര്‍ഷം ദ്വാരപാലക ശില്‍പ പാളികളില്‍ സ്വര്‍ണം പൂശിയതും എസ്‌ഐടി അന്വേഷിക്കും. 2019 ല്‍ 40 വര്‍ഷത്തെ ഗാരന്റിയോടെ സ്വര്‍ണം പൂശിക്കൊണ്ടുവന്ന പാളികളില്‍ 6 വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു

author-image
Biju
New Update
potti question

തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തുള്ള വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തതായി സൂചന. ചില ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വര്‍ണമാണോയെന്ന് പരിശോധിക്കും. പോറ്റിയുടെ വസ്തു ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. ഇടപാടുകാരുടെ പശ്ചാത്തലവും പരിശോധിക്കും.

ഈ വര്‍ഷം ദ്വാരപാലക ശില്‍പ പാളികളില്‍ സ്വര്‍ണം പൂശിയതും എസ്‌ഐടി അന്വേഷിക്കും. 2019 ല്‍ 40 വര്‍ഷത്തെ ഗാരന്റിയോടെ സ്വര്‍ണം പൂശിക്കൊണ്ടുവന്ന പാളികളില്‍ 6 വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെക്കൊണ്ടു തന്നെ സ്വര്‍ണം പൂശിക്കണമെന്ന് കഴിഞ്ഞവര്‍ഷം ബോര്‍ഡിന് ശുപാര്‍ശ നല്‍കിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവാണ്. വീണ്ടും സ്വര്‍ണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് എസ്‌ഐടിയുടെ അനുമാനം. 2019 ജൂലൈ മുതല്‍ 2025 സെപ്റ്റംബര്‍ 27 വരെയുള്ള മുഴുവന്‍ ഇടപാടുകളും അന്വേഷിക്കാനാണ് നീക്കം.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശബരിമലയില്‍നിന്നു സാമ്പത്തികനേട്ടം ഉണ്ടായിട്ടില്ലെന്നു പോറ്റി ആവര്‍ത്തിച്ചു. കല്‍പേഷും ഗോവര്‍ധനും അടക്കം ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണത്തിനു പിന്നില്‍. ഇവരില്‍നിന്ന് ഒരുതരി സ്വര്‍ണം പോലും തനിക്കു ലഭിച്ചില്ലെന്നു പോറ്റി അവകാശപ്പെട്ടു. ചില ദേവസ്വം ഉദ്യോഗസ്ഥരുടെയും അതിനു മേലെയുള്ളവരുടെയും അറിവോടെയാണിത്. മോഷണക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയപ്പോള്‍ ബെംഗളൂരുവിലെ സംഘം വിമാനടിക്കറ്റ് നല്‍കി തന്നെ അവിടേക്കു വിളിപ്പിച്ചതായും പോറ്റി വെളിപ്പെടുത്തി.

Sabarimala