ശബരിമല സ്വർണക്കവർച്ച ;പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.നേരത്തെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിനു പിന്നാലെ പ്രശാന്തിന്റെ മൊഴിയും ശേഖരിച്ചിരുന്നു

author-image
Devina
New Update
ps prasanth

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. ഈ മാസം 24 നാണ് പ്രശാന്തിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയത്. എസ്‌ഐടി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.

 കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.നേരത്തെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിനു പിന്നാലെ പ്രശാന്തിന്റെ മൊഴിയും ശേഖരിച്ചിരുന്നു. പിന്നീട് ചില രേഖകളുമായി ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ അതു മാറ്റിവെയ്ക്കുകയായിരുന്നു. 1998 മുതൽ 2025 വരെയുള്ള കാര്യങ്ങളും കൂടി വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

പി എസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് വീണ്ടും ദ്വാരപാലക ശിൽപ്പം പുറത്തു കൊണ്ടുപോയി തട്ടിപ്പിന് ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചത്. ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ?, ഇക്കാലയളവിലും ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ തന്റെ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

 ദേവസ്വം ബോർഡ് അംഗം അജികുമാറിനെയും എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്.അതിനിടെ കേസിൽ അറസ്റ്റിലായ ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവരുടെ കയ്യെഴുത്ത് പരിശോധിക്കാനാണ് എസ്‌ഐടി നീക്കം. ഇതിനായി സാംപിൾ ശേഖരിക്കുന്നതിനായി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മഹസ്സറിൽ തന്ത്രിയും ഒപ്പിട്ടിട്ടുണ്ട്.

 സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാവുന്നതാണെന്ന് തന്ത്രി കണ്ഠരര് രാജീവര് സ്വന്തം കൈപ്പടയിൽ അനുജ്ഞ എഴുതി നൽകിയിരുന്നുവെന്നും എസ്‌ഐടി വ്യക്തമാക്കിയിരുന്നു.