/kalakaumudi/media/media_files/2026/01/09/sab-2-2026-01-09-18-42-28.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി.വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ അറസ്റ്റില്‍ തന്ത്രി രാജീവര് മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം. മാധ്യമങ്ങളൂടെ കൂടുതല്‍ ചോദ്യങ്ങളോട് സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നല്‍കിയത്.
ആരെങ്കിലും കുടുക്കിയതാണോയെന്ന് മാധ്യമങ്ങള്‍ ചോദ്യത്തിനും തന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം തന്ത്രിയുമായി എസ്‌ഐടി സംഘം കൊല്ലത്തേക്കാണ് പോയത്. തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതിയിയില്‍ ഹാജരാക്കി. തന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ബിപി, പ്രമേഹം എന്നിവക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും അറിയിച്ചു.
ഇന്ന് രാവിലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്ക്കുശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളായതിനാല്‍ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടും. ഭക്തരെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്യുന്നത്.
ഗൗരവമാര്‍ന്ന തെളിവുകളില്ലാതെ അറസ്റ്റുണ്ടാകില്ലെന്നതിനാല്‍ കൊള്ളയില്‍ തന്ത്രിയുടെ പങ്ക് എന്തെന്നാണ് ഇനി അറിയേണ്ടത്. കേസിലെ പ്രതി എ. പത്മകുമാറിന്റെ ദൈവതുല്യര്‍ പ്രയോഗത്തോടെ അത് തന്ത്രിയാണോ മന്ത്രിയാണോയെന്ന സംശയം അന്ന് മുതലെ ഉടലെടുത്തിരുന്നു. സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലാകും മുമ്പാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ദൈവതുല്യരായവരാണെന്ന പ്രതികരണം നടത്തിയത്. അന്നേ പത്മകുമാറിന്റെ ദൈവ തുല്യന്‍ ആരെന്ന ചോദ്യം ഉയര്‍ന്നിരുന്നു.
കേസില്‍ നേരത്തെ തന്ത്രിമാരായ രാജീവരുടെയും മോഹനരുടെയും മൊഴിയും എസ്‌ഐടി എടുത്തിരുന്നു. ശബരിമലയില്‍ താന്‍ ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങള്‍ മാത്രമെന്നായിരുന്നു രാജീവര്‍ മൊഴി നല്‍കിയിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് താനല്ലെന്ന് തന്ത്രി പറയുമ്പോഴും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കൊണ്ടുവന്നതും പരിചപ്പെടുത്തിയതും രാജീവരാണെന്ന് റിമാന്‍ഡിലിരിക്കെ പത്മകുമാര്‍ മൊഴി കൊടുത്തു. തന്ത്രിമാര്‍ അനുവദിച്ചതിനാലാണ് സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊടുത്തുവിട്ടതെന്നും പത്മകുമാര്‍ എസ്‌ഐടിയോട് പറഞ്ഞു. എന്നാല്‍, ദൈവ തുല്യന്‍ ആരെന്ന് പുറമേയ്ക്ക് പത്മകുമാര്‍ തെളിച്ചു പറഞ്ഞതുമില്ല.
കേസ് അന്വേഷണം നടക്കുന്ന ഒരു ഘട്ടത്തിലും തന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന ഒരു സൂചനയും എസ്‌ഐടി നല്‍കിയിരുന്നില്ല. തന്ത്രിമാരെ കേസില്‍ സാക്ഷികളാക്കുമെന്നാണ് പലരും കരുതിയത്. പക്ഷേ തന്ത്രപൂര്‍വം എസ്‌ഐടി തന്ത്രിക്കെതിരെ വന്ന മൊഴികള്‍ ഇഴകീറി പരിശോധിച്ചു. അറസ്റ്റിലേയ്‌ക്കെത്തിക്കാനാവശ്യമായ തെളിവുകള്‍ ശേഖരിച്ചു. അയ്യപ്പനെ കണ്ടശേഷം ഭക്തര്‍ വണങ്ങുന്നയാളാണ് സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
