/kalakaumudi/media/media_files/2025/12/07/sabpp-2025-12-07-09-39-17.jpg)
തിരുവനന്തപുരം: ശബരി സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടിക്ക് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തലയുടെ കത്ത്. ശബരി സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി പങ്കുണ്ടെന്നും ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു. ഇന്നലെയാണ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നല്‍കിയത്.
പുരാവസ്തു സാധനങ്ങള്‍ മോഷ്ടിച്ച് കരിച്ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്ന സംഘങ്ങളെ കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ അറിയാം. ഇയാള്‍ പൊതുജനത്തിന് മുന്നില്‍ വന്ന് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. എന്നാല്‍ അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നല്‍കാന്‍ തയ്യാറാണ്. താന്‍ സ്വതന്ത്രമായി പരിശോധിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പുരാവസ്തുസംഘങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നും രമേശ് ചെന്നിത്തലയുടെ കത്തില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തളളിക്കൊണ്ടുളള ഉത്തരവിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇരുവരുടെയും ജാമ്യാപേക്ഷ ജസ്റ്റീസ് ബദറുദ്ദീന്‍ നിരസിച്ചിരുന്നു. സന്നിധാനത്തെ അമൂല്യവസ്തുക്കളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തളളുന്നതെന്നും ഉത്തരവിലുണ്ട്. ഇരുവര്‍ക്കും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ് ഐ ടി അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം അനുസരിച്ച് ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
