/kalakaumudi/media/media_files/2025/12/07/sabpp-2025-12-07-09-39-17.jpg)
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. രേഖാമൂലം എതിര്‍പ്പ് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്‌ഐടിക്ക് വേണ്ടി പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ഈ മാസം 17 ന് കൊല്ലം വിജിലന്‍സ് കോടതി അപേക്ഷ പരിഗണിക്കും. സ്വര്‍ണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും മൊഴി പകര്‍പ്പ് അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ നീക്കം. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെന്നും അന്വേഷണം നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരമുണ്ടെന്നും കോടതിയില്‍ സമപ്പിച്ച അപേക്ഷയില്‍ ഇഡി പറയുന്നു.
എന്നാല്‍, രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകള്‍ നല്‍കാന്‍ പാടില്ലെന്നുമാണ് എസ്‌ഐടിയുടെ നിലപാട്. പക്ഷേ, രേഖകള്‍ വേണമെന്നുമുള്ള ആവശ്യത്തില്‍ ഇഡി ഉറച്ച് നില്‍ക്കുകയാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലന്‍സ് കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷമേ രേഖകള്‍ കൈമാറുന്ന കാര്യത്തില്‍ തീരുമാനിക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
