ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവര്‍ദ്ധനും അറസ്റ്റില്‍

ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴി ഗോവര്‍ദ്ധനന് കൊടുത്തു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

author-image
Biju
New Update
smart 2

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റ് നടത്തി പ്രത്യേക അന്വേഷണ സംഘം.സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ  പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വര്‍ണംവാങ്ങിയ ബെല്ലാരി ഗോവര്‍ധനനുമാണ് അറസ്റ്റിലായത്. ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശില്പലങ്ങളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനും. പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം.

ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴി ഗോവര്‍ദ്ധനന് കൊടുത്തു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിന് ശേഷം തന്ത്രിയുടെ മൊഴി എടുത്തപ്പോള്‍ തന്ത്രി പറഞ്ഞത് ഗോവര്‍ദ്ധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നുമാണ്.

സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. എസ്‌ഐടിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.