/kalakaumudi/media/media_files/2025/12/20/sabpp-2025-12-20-07-04-55.jpg)
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയും ജ്വല്ലറി ഉടമ ഗോവര്‍ധനും റിമാന്‍ഡില്‍. ഇരുവരേയും 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റിലായ ഇരുവരേയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമാണെന്നാണ് കണ്ടെത്തല്‍. പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തുടക്കം മുതല്‍ അന്വേഷണം വഴി തെറ്റിക്കാനും പങ്കില്ലെന്നും തെളിയിക്കാനാണ് പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും ശ്രമിച്ചത്. ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹത്തിന് മേല്‍ വണ്ടും സ്വര്‍ണം പൂശാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നും പോറ്റി എത്തിച്ചത് ചെമ്പ് പാളിയെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആദ്യ മൊഴി. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പിനായി സഹായിച്ച ഇടനിലക്കാരന്‍ എന്ന പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്ന് വരുത്തി അന്വഷണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനായിരുന്നു ഗോവര്‍ധന്‍ ശ്രമിച്ചത്.
ഗോള്‍ഡ് പ്ലേറ്റിംഗ് മേഖലയിലെ ദക്ഷിണേന്ത്യയിലെ പേരുകേട്ട സ്ഥാപനം എന്നായിരുന്നു സ്വര്‍ണക്കൊള്ള പുറത്ത് വരുന്നത് വരെ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനെക്കുറിച്ചുള്ള വിവരം. എന്നാല്‍ റെയ്ഡിനെത്തിയ അന്വേഷണ സംഘം കണ്ടത് അവകാശവാദങ്ങളെല്ലാം ചെമ്പെന്നാണ്. സ്വര്‍ണം പൂശലക്കം എല്ലാം ദുരൂഹമായ ഇടപാടുകളായിരുന്നു. ഇടപാടുകാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് സ്വര്‍ണം പൂശല്‍ നടന്നതെന്ന് തുടക്കം മുതല്‍ മനസിലായി. അന്വേഷണത്തിന് തുക്കമിട്ട ദേവസ്വം വിജിലന്‍സ് മുമ്പാകെ ഒന്നും അറിയാത്തവരെ പോലെയാണ് സ്മാര്‍ട്ട് ക്രിയേഷന്‍ പെറുമാറിയത്. ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹത്തില്‍ വീണ്ടും പൂശാറില്ല, അതിനുള്ള വൈദഗ്ധ്യമില്ലെന്നായിരുന്നു ആദ്യ വാദം. ഇക്കാര്യം സ്ഥാപനത്തിന്റെ ഹൈക്കോടതി അഭിഭാഷകന്‍ ചാനലുകള്‍ക്ക് മുന്നില്‍ വിസ്തരിച്ചു. എന്നാല്‍ ഇതല്ല സത്യമെന്ന് പരിശോധനയില്‍ കണ്ടെത്തിയ രേഖകളും മൊഴികളും തെളിയിച്ചു. ആദ്യം പങ്കജ് ഭണ്ഡാരി ഇത് നിഷേധിച്ചെങ്കിലും പിന്നീട് ഉള്ള ചോദ്യം ചെയ്യലില്‍ സ്വര്‍ണം വേര്‍തിരിച്ചത് സ്മാര്‍ട്ട് ക്രിയേഷനില്‍ തന്നെയാണെന്ന് സമ്മതിച്ചു. അതിന്റെ രേഖകളും അന്വേഷണ സംഘം കണ്ടത്തി. 14 പാളികളില്‍ നിന്ന് 577 ഗ്രാം സ്വര്‍ണവും സൈഡ് പാളികളില്‍ നിന്ന് 409 ഗ്രാം സ്വര്‍ണവും അടക്കം 1 കിലോയോളം സ്വര്‍ണം വേര്‍തിരിച്ചതിന്റെ കണക്കും കിട്ടി. ഇതോടെയാണ് പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റിലേക്ക് നീങ്ങിയത്.
സ്മാര്‍ട്ട് ക്രിയേഷനില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഏറ്റുവാങ്ങിയത് ഗോവര്‍ധനന്റെ ജോലിക്കാരനായ കല്‍പ്പേഷ് ആണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ഗോവര്‍ധനിലേക്ക് വന്നത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ നിര്‍ദ്ദശ പ്രകാരം സ്വര്‍ണമടങ്ങിയ പാക്കറ്റ് താന്‍ ഏറ്റുവാങ്ങിയെന്ന് കല്‍പേഷ് സമ്മിച്ചു. ഇങ്ങനെ എത്തിച്ച 474 ഗ്രാം സ്വര്‍ണത്തിന് തത്തുല്യമായി സ്വര്‍ണക്കട്ടകള്‍ ഒക്ടോബറില്‍ റൊദ്ദം ജ്വല്ലറിയില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ആദ്യം വ്യാപാരി എന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്ന് പറഞ്ഞ ഗോവര്‍ധനന്‍ ഇത് ശബരിമലയിലെ സ്വര്‍ണമെന്ന് അറിയാമായിരുന്നുവെന്ന് പിന്നീടുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഇനി കൊള്ള ചെയ്ത സ്വര്‍ണം ഇരുവരും എത്ര കോടികള്‍ക്ക് കൈമാറി എന്നതിലാണ് അന്വേഷണം നടക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
