/kalakaumudi/media/media_files/2025/10/18/potti-question-2025-10-18-16-40-58.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്ത് എസ്‌ഐടി. ഇന്നലെ ഒരു ദിവസത്തേക്കാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടിയുടെ കസ്റ്റഡിയില്‍ കൊല്ലം വിജിലന്‍സ് കോടതി വിട്ടു നല്‍കിയത്.
ഡല്‍ഹി യാത്രയെക്കുറിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. ഡല്‍ഹിയില്‍ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയത്. ഇന്നലെയാണ് കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ വിട്ടത്. മൂന്നുപേരെയും ഇന്നലെ ഒന്നിച്ച് ചോദ്യം ചെയ്ത് എസ്‌ഐടി മൊഴിയെടുത്തതായാണ് വിവരം.
ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം എവിടെയാണെന്ന കാര്യത്തിലടക്കം വിവരം തേടിയാണ് ചോദ്യം ചെയ്യല്‍. അതേസമയം, സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ വീണ്ടും എസ്‌ഐടി ചോദ്യം ചെയ്യും. അടുത്തയാഴ്ചയായിരിക്കും പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസമാണ് പിഎസ് പ്രശാന്തിനെയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്‌ഐടി ചോദ്യം ചെയ്തത്. ഇതിനിടെ, ശബരിമല സ്വര്‍ണ കൊള്ളയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെയും എസ്‌ഐടി വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യല്‍.
സ്വര്‍ണപ്പാളികള്‍ എത്തിച്ച ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും, സ്വര്‍ണം വേര്‍തിരിച്ചെടുത്ത സ്മാര്‍ട്ട് ക്രിയേഷന്‍സ് പങ്കജ് ഭണ്ഡാരിക്കും, സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും കൊള്ളയില്‍ ഒരു പോലെ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടത്തല്‍. കൈക്കലാക്കിയ സ്വര്‍ണം എവിടെയെല്ലാം എത്തി എന്നതില്‍ അടക്കം വ്യക്തത തേടുകയാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ സര്‍ക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തര ബന്ധമുള്ള കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പത്തുമണിക്കൂറോളമാണ് ഡി മണിയെ ചോദ്യം ചെയ്തത്. മണിയുടെ സഹായികളായ ബാലമുരുകനെയും ശ്രീകൃഷ്ണനെയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനുശേഷം രാത്രിയോടെയാണ് മൂന്നുപേരെയും വിട്ടയച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡി മണിക്കുള്ള ബന്ധം തെളിയിക്കപ്പെട്ടാല്‍ ശബരിമല കേസില്‍ അത് നിര്‍ണായകമായമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
