ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊള്ള നടന്നെന്ന് എസ്ഐടി; പ്രഭാമണ്ഡലം പൊളിച്ചെന്നും കണ്ടെത്തല്‍

ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളില്‍നിന്നും രാശിചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളില്‍നിന്നും സ്വര്‍ണം കവര്‍ന്നിട്ടുണ്ട

author-image
Biju
New Update
sabpp

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍നിന്ന് കൂടുതല്‍ സ്വര്‍ണക്കൊള്ള നടന്നെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സ്വര്‍ണക്കൊള്ളയെ സംബന്ധിച്ച ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ അന്വേഷണസംഘം വെളിപ്പെടുത്തിയിരിക്കുന്നത്.

ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളില്‍നിന്നും രാശിചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളില്‍നിന്നും സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. കൂടാതെ കട്ടിളയുടെ മുകള്‍പ്പടി ചെമ്പുപാളിയിലും കട്ടിളയ്ക്കുമുകളില്‍ പതിപ്പിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലുമുള്ള സ്വര്‍ണം പതിച്ച ചെമ്പുപാളികളിലും പൊതിഞ്ഞിരുന്ന സ്വര്‍ണവും നഷ്ടമായി. ഇത്തരത്തില്‍ സ്വര്‍ണം പതിച്ച ഏഴ് ചെമ്പുപാളികളില്‍നിന്നുമാണ് സ്വര്‍ണം കവര്‍ന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

കേസില്‍ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയില്‍ ചെന്നൈയിലുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ വച്ച് രാസമിശ്രിതം ഉപയോഗിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. ഇപ്രകാരം വേര്‍തിരിച്ചെടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരിയുടെയും ബല്ലാരിയിലെ ജ്വലറി ഉടമ ഗോവര്‍ധന്റെയും കൈവശമുണ്ടെന്നും എസ്ഐടി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പത്തിലും പട്ടിളപ്പാളിയിലും പതിപ്പിച്ചിരുന്ന സ്വര്‍ണം മാത്രമാണ് കവര്‍ച്ച നടത്തിയതെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തല്‍. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ അന്വേഷണസംഘം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.

ശബരിമല ശ്രീകോവിലിന്റെ കട്ടിളയില്‍ പതിച്ചിരുന്ന 'സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍' എന്നത് രേഖകളില്‍ 'ചെമ്പ് പാളികള്‍' എന്ന് മാത്രം രേഖപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വന്‍ നഷ്ടവും പ്രതികള്‍ക്ക് അന്യായ ലാഭവും ഉണ്ടാക്കിയെന്നാണ് കേസ്. 2019 കാലയളവിലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയും അന്നത്തെ ദേവസ്വം കമ്മിഷണറുടെ ശിപാര്‍ശയിന്മേലും 42.100 കിലോ സ്വര്‍ണം പൂശിയ പാളികള്‍ അനധികൃതമായി ഇളക്കിയെടുത്ത് സ്വര്‍ണം വേര്‍തിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വേര്‍തിരിച്ചെടുത്ത് കട്ടയാക്കി മാറ്റുകയും ദേവസ്വം ബോര്‍ഡിനെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.