'ബിനോയ് വിശ്വം അല്ലല്ലോ പിണറായി വിജയന്‍', സിപിഐയുടെ വിമര്‍ശനം തള്ളി മുഖ്യമന്ത്രി; 'വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ തെറ്റില്ല'

ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും

author-image
Biju
New Update
thd

തിരുവനന്തപുരം: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ സി പി ഐയുടെ വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറില്‍ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കില്‍ ഒരു കാരണവശാലും കാറില്‍ കയറ്റില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിലെ മാധ്യമ പ്രവര്‍ത്തകരുടോ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. 'ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, ഞാന്‍ എന്റെ നിലപാടിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതില്‍ ഒരു തെറ്റുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല' - മുഖ്യമന്ത്രി വ്യക്തമാക്കി.

വെള്ളപ്പള്ളിയുടെ ചതിയന്‍ ചന്തു പരാമര്‍ശം തള്ളി

അതേസമയം വെള്ളാപ്പള്ളിയുടെ സി പി ഐക്കെതിരായ ചതിയന്‍ ചന്തു പരാമര്‍ശം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ തള്ളിക്കളഞ്ഞു. എല്‍ ഡി എഫ് മുന്നണിയിലെ പ്രധാനപ്പെട്ട പാര്‍ട്ടിയാണ് സി പി ഐ. സി പി എമ്മിന് സി പി ഐയുമായി നല്ല ബന്ധമാണ് ഉള്ളത്. സി പി ഐ വഞ്ചന കാണിക്കുന്ന പാര്‍ട്ടിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ ആര് നയിക്കും എന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി തന്നെ നയിക്കുമോ എന്ന് ഞാന്‍ പറയേണ്ടതല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.