ശബരിമല സ്വര്‍ണക്കൊള്ള: കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്ന സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ ഒത്താശയില്‍ വിദേശത്തുനിന്ന് നയതന്ത്ര പാഴ്‌സലില്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്തു നടത്തിയതില്‍ മാത്രമാണ് മുന്‍പ് അന്വേഷണം നടന്നത്.

author-image
Biju
New Update
sab

കൊച്ചി: ശബരിമലയില്‍ നിന്നുള്ള സ്വര്‍ണവും പൂജ്യവസ്തുക്കളും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പാഴ്‌സല്‍ വഴി വിദേശത്തേക്കു കടത്തിയിരിക്കാമെന്ന സാധ്യതയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്ന സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ ഒത്താശയില്‍ വിദേശത്തുനിന്ന് നയതന്ത്ര പാഴ്‌സലില്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്തു നടത്തിയതില്‍ മാത്രമാണ് മുന്‍പ് അന്വേഷണം നടന്നത്.

ഇതേ ചാനലില്‍ വിദേശത്തേക്കു പോയ പാഴ്‌സലുകളില്‍ എന്തായിരുന്നെന്ന് ഇന്നും വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. ശബരിമലയടക്കമുള്ള ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങളില്‍നിന്ന് മോഷണം പോകുന്ന വസ്തുക്കള്‍ വിദേശത്തേക്കു കടത്തുന്ന റാക്കറ്റ് കേരളത്തില്‍ സജീവമാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് നയതന്ത്ര ചാനലിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്. 

കോണ്‍സുലേറ്റിലെ മുന്‍ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഏജന്‍സികള്‍ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തിലെ അന്വേഷണ റിപ്പോര്‍ട്ടുകളും പരിശോധിക്കുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ എന്‍ഫോഴ്‌സ്‌മെന്റ്, പ്രിവന്റീവ് വിഭാഗങ്ങളുമാണു പ്രാഥമിക വിവരശേഖരണം നടത്തുന്നത്. തെളിവുകള്‍ ലഭിച്ചാല്‍ ഇ.ഡി കേസ് റജിസ്റ്റര്‍ ചെയ്യും.

സെക്രട്ടേറിയറ്റിലെ അര്‍ഹതയില്ലാത്ത പല ജീവനക്കാര്‍ക്കും നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതായും അവര്‍ കോണ്‍സുലേറ്റില്‍ യഥേഷ്ടം കയറിയിറങ്ങി പാഴ്‌സലുകള്‍ അയച്ചതായും നയതന്ത്രസ്വര്‍ണക്കടത്തിലെ അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 

അന്നത്തെ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ ബി.സുനില്‍കുമാര്‍ ഇതുസംബന്ധിച്ച മൊഴി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു നല്‍കിയിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുടെ ഒപ്പും സീലും നിര്‍ബന്ധമാക്കിയിട്ടുള്ള നയതന്ത്ര ബാഗേജുകള്‍ പോലും അതില്ലാതെ ഗ്രീന്‍ചാനല്‍ വഴി കടത്തിവിട്ടിട്ടുണ്ട്.