തന്ത്രിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി; സാമ്പത്തിക ഇടപാടുകളില്‍ അടക്കം പരിശോധന

കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നീക്കം നടത്തുകയാണ്. മുഖ്യ പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാനും സ്വര്‍ത്തുക്കള്‍ കണ്ടുകെട്ടാനും സാധ്യതയുള്ളതായാണ് വിവരം

author-image
Biju
New Update
thnthri

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗുരുതര ആരോപണങ്ങളാണ് കണ്ഠരര് രാജീവരര്‌ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി ചീണ്ടിക്കാട്ടുന്നത്.

കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നീക്കം നടത്തുകയാണ്. മുഖ്യ പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാനും സ്വര്‍ത്തുക്കള്‍ കണ്ടുകെട്ടാനും സാധ്യതയുള്ളതായാണ് വിവരം. അതേസമയം, വെള്ളിയാഴ്ച രാത്രി കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 

സ്വര്‍ണക്കൊള്ള കേസില്‍ പ്രതികള്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയെന്നത് അടക്കമുള്ള കുറ്റങ്ങളാണ് പ്രത്യേക സംഘം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ആചാരലംഘനത്തിനു കൂട്ടുനിന്നുവെന്നും പോറ്റിക്ക് കട്ടിളപ്പാളികള്‍ കൊണ്ടുപോകാനായി തന്ത്രി കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ ഉച്ചയോടെയായിരുന്നു കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. രാജീവരര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു എന്നാണ് വിവരം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു എ. പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്.