/kalakaumudi/media/media_files/2026/01/09/sab-2-2026-01-09-18-42-28.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക് മാറ്റി. ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് ചികിത്സ നല്‍കിയത്. എന്നാല്‍ നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
അതേസമയം, കേസില്‍ തന്ത്രിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ തന്ത്രിയുടെ വസതിയില്‍ എട്ടു മണിക്കൂറോളം നീണ്ട പരിശോധനയില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വസ്തു ഇടപാടുകളുടെ രേഖകളും എസ്.ഐ.ടി ശേഖരിച്ചിട്ടുണ്ട്. വീട്ടിലെ സ്വര്‍ണ്ണാഭരണങ്ങളുടെ അളവും സംഘം പരിശോധിച്ചു.
കൂടാതെ, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ കടത്തിയ കേസിലും തന്ത്രിയെ പ്രതിചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്വര്‍ണ്ണപ്പാളികള്‍ മാറ്റി പകരം ചെമ്പ് പാളികള്‍ വെച്ചതുമായി ബന്ധപ്പെട്ട മഹസ്സറില്‍ തന്ത്രി ഒപ്പിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
