ശബരിമല സ്വര്‍ണ്ണക്കൊള്ള; പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും ശക്തമായി എതിര്‍ത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഗൗരവകരമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം

author-image
Biju
New Update
sab

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും. പത്മകുമാറിന് പുറമേ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലാകും ഹൈക്കോടതി ബുധനാഴ്ച വിധി പറയുന്നത്. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഈ ഹര്‍ജികളില്‍ വിധി പറയുന്നത്. 

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും ശക്തമായി എതിര്‍ത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഗൗരവകരമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. നേരത്തെ ജനുവരി എട്ടിന് കേസ് പരിഗണിച്ച ഹൈക്കോടതി വിശദമായ വാദം കേട്ടിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാറിനെ നവംബര്‍ 20 നാണ് എസ് ഐ ടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിനും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്. എ പത്മകുമാറിനെതിരെ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചത്. 

പത്മകുമാര്‍ നല്‍കിയ മൊഴിയും എസ് ഐ ടി കണ്ടെത്തിയ തെളിവുകളും തമ്മില്‍ വൈരുദ്ധ്യമുണ്ട് എന്ന് അന്വേഷണ സംഘം സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. നേരത്തെ കൊല്ലം വിജിലന്‍സ് കോടതി പത്മകുമാര്‍ അടക്കമുള്ള പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയിലെത്തിയത്.

അതിനിടെ ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കി. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം കടത്തിയ കേസിലാണ് ജാമ്യം. അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ശാസ്ത്രീയ പരിശോധനാഫലം വൈകിയതും അന്വേഷണം തീരാത്തതും കൊണ്ടാണ് കുറ്റപത്രം വൈകിയതന്നാണ് എസ് ഐ ടി വിശദീകരണം.  

കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉടന്‍ ജയിലിന് പുറത്തിറങ്ങാന്‍ കഴിയില്ല. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കൂടി നിലവിലുള്ളതിനാലാണ്.