/kalakaumudi/media/media_files/2025/11/03/n-vasuuuuuuuuuuuuu-2025-11-03-10-43-28.jpg)
ന്യൂുഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസുവിന്റെ അപ്പീല്‍. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. നേരത്തെ, കേസില്‍ പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതികളുടെ സ്വത്ത് മരവിപ്പിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. 1.3 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം നിരോധന നിയമ പ്രകാരമാണ് നടപടി.
'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ' എന്ന പേരില്‍ 21 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും സ്വത്തുക്കള്‍ മരവിപ്പിച്ചത്. എട്ട് സ്ഥാവര സ്വത്തുക്കള്‍ മരവിപ്പിച്ചു. സ്വര്‍ണക്കട്ടികളായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സൂക്ഷിച്ച 100 ഗ്രാം സ്വര്‍ണവും റെയ്ഡില്‍ പിടിച്ചെടുത്തു. ഡിജിറ്റല്‍ തെളിവുകളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നോ എന്നും പ്രതികള്‍ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. 2019 മുതല്‍ സന്നിധാനത്ത് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡി കണ്ടെത്തിയതായും വിവരമുണ്ട്.
ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്നുമാണ് സുപ്രധാന രേഖകള്‍ കണ്ടെടുത്തത്. ദ്വാരപാലക പാളികളും കട്ടിളപ്പാളികളും സ്വര്‍ണം പൊതിയാന്‍ തീരുമാനമെടുത്ത മിനുട്ട്സുകളും ഫയലുകളും സ്വര്‍ണം പൊതിഞ്ഞ് ചെമ്പാണെന്ന് തിരുത്തിയ രേഖകളും കസ്റ്റഡിയിലെടുത്തതായും ഇഡി അവകാശപ്പെട്ടു.
സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എന്‍ വാസു തുടങ്ങിയവരുടെ വീടുകളിലും മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും പരിശോധന നടന്നിരുന്നു.
സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനങ്ങളിലുമടക്കം അന്വേഷണ സംഘം പരിശോധന നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും കെപി ശങ്കരദാസ്, എന്‍ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
