/kalakaumudi/media/media_files/2026/01/23/murari3-2026-01-23-13-28-17.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. തന്ത്രിയുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. രണ്ട് കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷകളില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.
അനുകൂല ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ റിമാന്‍ഡില്‍ തുടരുകയാണ്. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതിയുടെ റിമാന്‍ഡ് നീട്ടി വാങ്ങും. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
