ശബരിമല സ്വര്‍ണക്കൊള്ള; വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്തു

പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണമെന്നും പഴയ വാതില്‍ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്ന

author-image
Biju
New Update
sabpp

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി. എസ്‌ഐടി സംഘമാണ് മൊഴിയെടുക്കുന്നത്. സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തില്‍ നിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണമെന്നും പഴയ വാതില്‍ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 

നഷ്ടമായ സ്വര്‍ണത്തിന്റെ അവളവ് കൃത്യമായി കണ്ടെത്താനാണ് നീക്കം. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുരാരി ബാബുവിന്റെ മൊഴിയെടുക്കും. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ടാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ മുരാരി ബാബു. മൊഴിയെടുക്കുന്നതിനായി മുരാരി ബാബുവിന് ഈയാഴ്ച നോട്ടീസ് നല്‍കും. കൊച്ചി ഓഫീസില്‍ ഹാജരാകാനായിരിക്കും നോട്ടീസ് നല്‍കുക.ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ ആയിരുന്ന മുരാരി ബാബു ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യം അനുവദിച്ചത്. 

അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍ തുടരുകയാണ്.

അതേസമയം, ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാവാത്തതും അറസ്റ്റുകള്‍ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്. സ്വര്‍ണക്കൊളളയില്‍ അറസ്റ്റുകളുണ്ടായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത എസ്‌ഐടി നടപടി നീളുകയാണ്. എസ്‌ഐടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നല്‍കാനാണ് ശ്രമം. കുറ്റപത്രം വൈകിയാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുളള പ്രതികള്‍ ജയില്‍മോചിതരാകും. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടാന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത് ഇടയാക്കുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. ഭാഗികമായ കുറ്റപത്രം നല്‍കാത്തത് എന്താണെന്നും അന്വേഷണം ഇഴയുന്നത് എന്താണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സ്വര്‍ണക്കൊളള കേസില്‍ കുറ്റമറ്റ കുറ്റപത്രം തയ്യാറേക്കണ്ടതുകൊണ്ടാണ് താമസമെന്നാണ് എസ്‌ഐടി വൃത്തങ്ങള്‍ പറയുന്നത്.