/kalakaumudi/media/media_files/2026/01/27/prasanth2-2026-01-27-20-08-49.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിലേക്കും കേന്ദ്രീകരിച്ച് എസ്‌ഐടി. തിരുവനന്തപുരം പൊലീസ് ക്ലബില്‍ പ്രശാന്തിന്റെ മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, യാത്രാവിവരങ്ങള്‍ തുടങ്ങിയവ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച പ്രശാന്തിനെ മൂന്നാമതും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.
ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രശാന്തില്‍നിന്നും എസ്‌ഐടി ചോദിച്ചറിഞ്ഞത്. 2025ല്‍ വീണ്ടും ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാനായി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നു ഇറങ്ങുന്നതിനു മുന്‍പ് ദ്വാരപാലക ശില്‍പങ്ങള്‍ പോറ്റിക്കു നല്‍കാന്‍ പ്രശാന്ത് തിടുക്കം കൂട്ടിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് എസ്‌ഐടി പരിശോധിക്കുന്നത്.
അതേസമയം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ താന്‍ നേതൃത്വം നല്‍കിയിരുന്ന ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാന്‍ ബോധപൂര്‍വ നീക്കം നടത്തുന്നതായി ദിവസങ്ങള്‍ക്കു മുന്‍പ് പ്രശാന്ത് ആരോപിച്ചിരുന്നു. തന്റെ ഭരണകാലത്ത് സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
