കടകംപള്ളിയെയും അടൂര്‍ പ്രകാശിനെയുമടക്കം ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളുമായി എസ്‌ഐടി, ഹൈക്കോടതിയില്‍ ഇന്ന് വാദം

കടകംപള്ളി, അടൂര്‍ പ്രകാശ് അടക്കമുള്ളവരെ ചോദ്യംചെയ്തതിന്റെ അടക്കം ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങളും കോടതിക്ക് കൈമാറും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഹൈക്കോടതി നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു

author-image
Biju
New Update
kada2

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ  സ്വര്‍ണപ്പാളികള്‍ പോറ്റി അടക്കമുള്ള പ്രതികള്‍ മാറ്റിയോ എന്നതില്‍ ഇന്ന് എസ് ഐ ടി ഇന്ന് വ്യക്തത ഉണ്ടാക്കും. 

വി എസ് എസ് സി യിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോര്‍ട്ട് എസ് ഐ ടി തയ്യാറാക്കിയിരുന്നു. ആദ്യ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോര്‍ട്ട് വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.  

കടകംപള്ളി, അടൂര്‍ പ്രകാശ് അടക്കമുള്ളവരെ ചോദ്യംചെയ്തതിന്റെ അടക്കം ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങളും കോടതിക്ക് കൈമാറും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഹൈക്കോടതി നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്വാഭാവിക ജാമ്യം തേടി എന്‍ വാസു ഇന്ന് അപേക്ഷ നല്‍കുമെന്നും വിവരമുണ്ട്. ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹര്‍ജിയിലും ഇന്ന് വാദം നടക്കും.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെ സ്വാഭാവിക ജാമ്യം തേടാന്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസു കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് വാസു. 

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം 4 പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. ഗൂഢാലോചനയില്‍ അടക്കം തന്ത്രിക്കും പങ്കുണ്ടെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ അചാരങ്ങള്‍ പാലിച്ച് മാത്രം പ്രവര്‍ത്തിച്ചയാളാണ് താനെന്നും കവര്‍ച്ചയില്‍ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.