കടകംപള്ളിയെ മൂന്നാമതും ചോദ്യംചെയ്യാന്‍ എസ്‌ഐടി

പോറ്റിയുടെ വീട്ടില്‍വെച്ചുതന്നെ അദ്ദേഹത്തിന്റെ സഹോദരിയുടെ മകള്‍ക്ക് പേന സമ്മാനമായിനല്‍കുന്ന കടകംപള്ളിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. പരീക്ഷയില്‍ ഉന്നതവിജയം നേടിയതിനാണ് സമ്മാനം നല്‍കിയതെന്നാണ് വിവരം

author-image
Biju
New Update
kadakampalli

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒന്നിച്ചുള്ള മറ്റൊരുചിത്രംകൂടി പുറത്ത്. പോറ്റിയുടെ വീട്ടില്‍ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂവെന്നായിരുന്നു കടകംപള്ളിയുടെ വാദം. പോറ്റിയുടെ വീട്ടില്‍വെച്ചുതന്നെ അദ്ദേഹത്തിന്റെ സഹോദരിയുടെ മകള്‍ക്ക് പേന സമ്മാനമായിനല്‍കുന്ന കടകംപള്ളിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. പരീക്ഷയില്‍ ഉന്നതവിജയം നേടിയതിനാണ് സമ്മാനം നല്‍കിയതെന്നാണ് വിവരം.

എട്ടുവര്‍ഷംമുന്‍പ് നടന്നൊരു കാര്യം എങ്ങനെ ഓര്‍ക്കാനാണ് എന്ന് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടൂര്‍ പ്രകാശ് എം.പി. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ശബരിമലയില്‍ നടന്നൊരു ഉദ്ഘാടനച്ചടങ്ങില്‍ നില്‍ക്കുന്ന ചിത്രവും പുതുതായി പുറത്തുവന്നു. പോറ്റിയുടെ വീട്ടില്‍ പോയിരുന്നുവെന്ന് ആദ്യം വിവരം പുറത്തുവന്നപ്പോള്‍, അവിടെ ഒരു കുട്ടിയുടെ ചടങ്ങുമായി ബന്ധപ്പെട്ടാണ് പോയതെന്നും പിന്നീട് പോയിട്ടില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചത്. പോയത് പോറ്റിയുടെ അച്ഛന്റെ ഒരു ചടങ്ങുമായി ബന്ധപ്പെട്ടാണെന്നും അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി പോറ്റിയുടെ അച്ഛന് നല്‍കിയെന്നും കടകംപള്ളി പിന്നീട് പറഞ്ഞു.

ഗണ്‍മാന്‍മാര്‍ക്കൊപ്പമാണ് പോയതെന്നാണ് ആദ്യം പറഞ്ഞതെങ്കിലും ചിത്രം പുറത്തുവന്നതോടെ തനിക്കൊപ്പം മുന്‍ എം.എല്‍.എ. രാജു എബ്രാഹാം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രത്യേക അന്വേഷണസംഘം കടകംപള്ളിയെ മൂന്നാമതും ചോദ്യം ചെയ്യുമെന്ന് വിവരമുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടുപ്പത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണസംഘം ആന്റോ ആന്റണി എം.പി.യെയും ചോദ്യംചെയ്യും. അടൂര്‍ പ്രകാശിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് അടുത്ത കോണ്‍ഗ്രസ് നേതാവിലേക്കും നീങ്ങുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയതില്‍ ആന്റോ ആന്റണിക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സോണിയാഗാന്ധിക്കൊപ്പം പോറ്റിയുള്ള ചിത്രത്തില്‍ ആന്റോ ആന്റണിയുമുണ്ടായിരുന്നു.

സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്ക് സാമ്പത്തികനിക്ഷേപമുണ്ടെന്ന് ആരോപണമുയര്‍ന്ന നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ കഴിഞ്ഞദിവസം എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഉണ്ടായിരുന്നു. ഈ സ്ഥാപനത്തില്‍നിന്നും രണ്ടുകോടി രൂപ വായ്പയെടുത്തശേഷം തിരികെനല്‍കിയില്ലെന്ന് ആന്റോ ആന്റണി എം.പി.ക്കെതിരേ സ്ഥാപന ഉടമ എന്‍.എം. രാജു പരാതിനല്‍കിയിട്ടുമുണ്ട്. ഈ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണസംഘം ആന്റോ ആന്റണിയെയും വിളിപ്പിക്കുന്നത്.