ആഗോള അയ്യപ്പ സംഗമം; ദേവസ്വം നല്‍കിയ തുക തിരിച്ചടച്ചില്ലെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്

ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

author-image
Biju
New Update
ayyappa

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് മുന്‍കൂറായി നല്‍കിയ തുക തിരിച്ചുകിട്ടിയിട്ടില്ലെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. എന്നാല്‍, സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ മാസം 28നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തരത്തില്‍ മറുപടി നല്‍കിയത്. 

ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ യഥാര്‍ത്ഥ വിവരം സഭയില്‍നിന്ന് മറച്ചാണോ മറുപടി നല്‍കിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

സ്‌പെഷ്യല്‍ കമ്മീണഷറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദമാണ് പൊളിയുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഭക്ഷണത്തില്‍ അടക്കം കണക്കില്‍ ഒട്ടേരെ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുകയുടെ ജി എസ് ടി ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ഹോട്ടല്‍ ബില്ലുകളില്‍ പലതിലും ജി എസ് ടി നമ്പര്‍ ഇല്ല. അതിനാല്‍ ഇന്‍പുട്ട് ക്രെഡിറ്റ് ആയി കിട്ടേണ്ട തുക വാങ്ങാനാവില്ല. കലാ പരിപാടികള്‍ക്ക് എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുക ചെലവിട്ടു. വി ഐ പി ഏരിയയില്‍ ഭക്ഷണം വിളമ്പിയതിനും കണക്കില്‍ പെടുത്താത്ത തുക ചെലവിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ തിരിച്ചടച്ചില്ലെന്നും രണ്ടു കോടിയുടെ സ്‌പോണ്‍സര്‍ ആരെന്നതില്‍ അവ്യക്തതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.