ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം ഉന്നതരിലേക്ക്

ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി പത്മകുമാര്‍ നടത്തിയ ഇടപെടലില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ദേവസ്വം ബോര്‍ഡിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും

author-image
Biju
New Update
padmkumar

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. 

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ദേവസ്വം ബോര്‍ഡ് മായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായത് അര്‍ദ്ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിര്‍ണായക രേഖകള്‍ കിട്ടിയെന്നാണ് സൂചന.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി പത്മകുമാര്‍ നടത്തിയ ഇടപെടലില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ദേവസ്വം ബോര്‍ഡിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ പത്മകുമാര്‍ സ്വാധീനിച്ചു എന്നാണ് എന്‍ വാസുവിന്റെയും മൊഴി. 

കട്ടിള പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണന്‍ പോറ്റി വിവിധ സ്ഥലങ്ങളില്‍ പൂജ നടത്തിയെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്‌ഐടി ചോദ്യം ചെയ്‌തേക്കും. കട്ടിള പ്പാളികള്‍ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. പോറ്റിക്ക് പാളികള്‍ കൈമാറാന്‍ പത്മകുമാര്‍ ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികളെന്ന എഴുതിച്ചേര്‍ത്തെന്നാണ് എസ്‌ഐടിയുടെ നിര്‍ണ്ണായക കണ്ടെത്തല്‍.