ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു; വിദേശ യാത്രകള്‍ അന്വേഷിക്കും

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകമാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോയിരുന്നോ എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും എസ്ഐടി അന്വേഷിക്കുന്നുണ്ട്.

author-image
Biju
New Update
en padmakumar

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പിടിച്ചെടുത്തു. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകമാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോയിരുന്നോ എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും എസ്ഐടി അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെയും ഭാര്യയുടേയും ആദായനികുതി സംബന്ധിച്ച രേഖകളും എസ്ഐടി ശേഖരിച്ചതായാണ് വിവരം.

കേസിലെ മറ്റു പ്രതികളുടെ വിദേശ യാത്രകളും അന്വേഷണ സംഘം ശേഖരിക്കുമെന്നാണ് വിവരം. സ്വര്‍ണക്കൊള്ളയ്ക്കു ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി വിദേശ യാത്ര നടത്തിയിരുന്നതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

അതേസമയം, അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ശബരിമലയിലെ സ്വര്‍ണക്കട്ടിളപ്പാളിയും ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണകവചവും ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത് പത്മകുമാറായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതായി ദേവസ്വം ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശത്തെ സാധൂകരിക്കുന്ന മൊഴികള്‍ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

2019 ഫെബ്രുവരി മുതലാണ് പത്മകുമാര്‍ ഇതിനുള്ള ശ്രമങ്ങളും ഗൂഢാലോചനയും ആരംഭിച്ചത്. ഈ തീരുമാനം ബോര്‍ഡ് അംഗങ്ങള്‍ക്ക് മുന്നില്‍ വെച്ചതും ഇദ്ദേഹമായിരുന്നു. എന്നാല്‍, പത്മകുമാറിന്റെ നിര്‍ദേശത്തെ ബോര്‍ഡ് അംഗങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും, പത്മകുമാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചതിന് പിന്നാലെ മുരാരി ബാബുവിന്റെ നേതൃത്വത്തില്‍ രേഖകള്‍ തയ്യാറാക്കുന്ന ഇടപാടുകള്‍ ആരംഭിച്ചു. 2019 ഫെബ്രുവരിക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.