ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്തു

ഇരുവരും എസ്‌ഐടി ഓഫീസിലെത്തിയാണ് മൊഴി നല്‍കിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി.

author-image
Biju
New Update
thnrhti

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്‌ഐടി രേഖപ്പെടുത്തി. ഇരുവരും എസ്‌ഐടി ഓഫീസിലെത്തിയാണ് മൊഴി നല്‍കിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. 

സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നല്‍കുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്.

ദ്വാരപാലക ശില്‍പ്പം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോകാന്‍ താന്‍ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശില്‍പ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താന്‍ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് വ്യക്തമാക്കിയിരുന്നു.

അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങല്‍ വന്നത്. ശബരിമലയില്‍ വെച്ച് അറ്റകുറ്റപ്പണി നടത്താനാണ് താന്‍ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയില്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ അനുമതി കൊടുത്തിരുന്നില്ല. സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. കൂടാതെ എല്ലാം സ്വര്‍ണം തന്നെയാണ്, ചെമ്പല്ല. താന്‍ നല്‍കിയ കത്തുകളില്‍ എല്ലാം സ്വര്‍ണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങള്‍ ഉള്‍പ്പെടെ എല്ലാം സ്വര്‍ണമാണ്. 2019ല്‍ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വര്‍ണം പൂശാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. 

ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തല്‍ ഇനി നിര്‍ണ്ണായകമാണ്. ഭരണ നേതൃത്വത്തിലെ ഉന്നതര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നതടക്കം കണ്ടെത്തണം. പത്മകുമാറിനൊപ്പം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങളുടെ മൊഴിയെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴി. ഇതാണ് പത്മകുമാറിന് തിരിച്ചടിയായത്. 

സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയതെന്ന പത്മകുമാറിന്റെ മൊഴിയിലും എസ്‌ഐടി കൂടുതല്‍ വ്യക്തത തേടും. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.

ശബരിമല സ്വര്‍ണപ്പാളി കേസ് നാലാം പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയുമായ ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് തല്‍ക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗസ്ഥ മാത്രമായിരുന്നെന്നും മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് ചെയ്‌തെന്നും ഹര്‍ജിയിലുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ജയശ്രീയുടെ ഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചെങ്കിലും കൂടുതല്‍ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.