/kalakaumudi/media/media_files/2025/11/27/kanda-2025-11-27-08-53-26.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍. പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലെന്നും മൊഴി. കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുകയാണ് എ പത്മകുമാര്‍. പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തില്‍ ആണെന്നും പത്മകുമാര്‍ മൊഴി നല്‍കി. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല.
ഗോള്‍ഡ് പ്ലേറ്റിംഗ് വര്‍ക്കുകള്‍ സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്നതിനു മുന്‍പ് മുന്‍ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വര്‍ക്കുകള്‍ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ വിശദീകരിച്ചു. സ്വര്‍ണ്ണകൊള്ള കേസില്‍ എസ് ഐ ടി കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് വൈകിട്ട് കൊല്ലം കോടതിയില്‍ ഹാജരാക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
