/kalakaumudi/media/media_files/2025/12/22/sabarimalala-2025-12-22-10-37-58.jpg)
തിരുവനന്തപുരം: ശബരിമല സ്വർണമോഷണ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൂടുതൽ വീഴ്ചകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നു .
കേസിൽ റിമാൻഡിൽ കഴിയുന്ന ജ്വല്ലറി ഉടമ ഗോവർദ്ധൻ പ്രായശ്ചിത്തമായി മാളികപ്പുറത്ത് സമർപ്പിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ച 10 പവൻ സ്വർണമാല തുടക്കത്തിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല.
2021ലാണ് ഇത്തരത്തിൽ മാല സമർപ്പിച്ചത്. കണക്കിൽപ്പെടാതെ വർഷങ്ങളോളം ശബരിമലയിൽ സൂക്ഷിച്ച മാല പിന്നീട് മഹസറിൽ രേഖപ്പെടുത്തിയത് സ്വർണ്ണമോഷണ വിവാദം പുറത്തുവന്നതിന് പിന്നാലെയായിരുന്നു .
സ്‌പോൺസറെന്ന നിലയിൽ പോറ്റി പാളികൾ കടത്തി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാർട്ട് ക്രിയേഷനിലെത്തിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത് .
അയ്യപ്പന്റെ സ്വർണമാണെന്നും വേർതിരിച്ച് മറിച്ചു വിൽക്കാൻ പാടില്ലെന്നും അറിയാവുന്ന പ്രതികൾ അത് തട്ടിയെടുത്തുവെന്നാണ് എസ്‌ഐടി പറയുന്നത്.
ഗോവർദ്ധന്റെ കയ്യിലെത്തിയ ശബരിമലയിലെ സ്വർണം ആർക്ക് വിറ്റുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും എസ്‌ഐടി പറയുന്നു.
ഇതിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് എസ്‌ഐടി പറയുന്നത്.
രണ്ടുപേരുടെയും സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ കാണാതായതിന് തുല്യമായ സ്വർണം കണ്ടെത്തി.
സ്വർണം വാങ്ങുന്നതിന് മുമ്പേ പല ഘട്ടങ്ങളിലായി ഒന്നര കോടി രൂപ ശബരിമലയിലെ സ്‌പോൺസർഷിപ്പിനും മറ്റുമായി ഉണ്ണികൃഷ്ൻ പോറ്റിക്ക് ഗോവർദ്ധൻ നൽകി.
സ്വർണം വാങ്ങിയ ശേഷം 15 ലക്ഷം നൽകി. ശബരിമല സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മാനസിക വിഷമമുണ്ടായെന്നും പ്രായശ്ചിത്തത്തിനായി 10 ലക്ഷം രൂപയുടെ ഡിഡിയെടുത്ത് അന്നദാനത്തിനായി പോറ്റിക്ക് കൈമാറിയെന്നും ഗോവർദ്ധൻ മൊഴി നൽകി.
മാളികപ്പുറത്ത് സമർപ്പിക്കാൻ 10 പവൻ സ്വർണമാലയും പോറ്റിയുടെ കൈവശം കൊടുത്തയച്ചതായും ഗോവർദ്ധൻ സമ്മതിച്ചിട്ടുണ്ട്.
സ്‌പോൺസർമാരെന്ന നിലയിൽ പ്രതികൾക്ക് ദേവസ്വം ബോർഡ് ജീവനക്കാർക്കിടയിൽ സ്വാധീനമുണ്ടെന്നും പ്രത്യേക സംഘം പറയുന്നു.
പത്മകുമാറിനൊപ്പമുണ്ടായിരുന്ന മുൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്ക് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു.
ശങ്കർദാസിനെയും വിജയകുമാറിനെയും വീണ്ടും എസ്‌ഐടി ചോദ്യം ചെയ്യും. സ്വർണ കടത്തിൽ ഇവരുടെ പങ്ക് തെളിയിക്കാനുള്ള വ്യക്തമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘ വൃത്തങ്ങൾ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
