/kalakaumudi/media/media_files/2026/02/13/sabarimala-temple-2026-02-13-10-54-33.jpg)
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയപരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാംപിൾ ശേഖരിക്കൽ രണ്ടാം ദിനത്തിലേക്ക് കടന്നു. എസ്‌ഐടി തലവൻ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിൾ ശേഖരിക്കുന്നത്. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്‌മെന്റ് വിഭാഗവും എസ്‌ഐടിക്കൊപ്പമുണ്ട്.
കുംഭമാസ പൂജയ്ക്കായി നട തുറന്നതിനു പിന്നാലെയാണ് സ്വർണപ്പാളികളിൽ നിന്നുള്ള സാംപിൾ ശേഖരിക്കൽ തുടങ്ങിയത്.ഇന്നലെ ശബരിമല നട തുറന്നതിനു പിന്നാലെ ശ്രീകോവിലിന് ചുറ്റുമുള്ള പാളികളിൽ നിന്നും സാംപിൾ ശേഖരിച്ചു. പിൻഭാഗത്തെ തൂണിൽ ഘടിപ്പിച്ചിരുന്ന സാംപിളാണ് ആദ്യം ശേഖരിച്ചത്.
തുടർന്ന് മുൻഭാഗത്ത് ദ്വാരപാലക പാളികൾ അഴിച്ചു പരിശോധിച്ചു. ശിൽപങ്ങളിൽ നിന്നുള്ള സാംപിളുകളും ശേഖരിച്ചു. ശ്രീകോവിലിന് ചുറ്റും മറ്റിടങ്ങളിൽ നിന്നും ഇന്നു സാംപിൾ ശേഖരിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഇതു രണ്ടാം തവണയാണ് ശബരിമലയിൽ നിന്നും സാംപിൾ ശേഖരിക്കുന്നത്.
എത്ര സ്വർണമാണ് ശബരിമലയിൽ നിന്നും സ്വർണ്ണക്കൊള്ളയുടെ ഭാഗമായി നഷ്ടമായത് എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ്, കാലപ്പഴക്കം തുടങ്ങിയവയിൽ അന്വേഷണ സംഘം വ്യക്തത തേടുന്നു. നേരത്തെ സാംപിളുകൾ ശേഖരിച്ച് വിഎസ് എസ് സിയിൽ പരിശോധിച്ചെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ റിപ്പോർട്ട് ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ഹൈക്കോടതിയുടെ അനുമതി വാങ്ങി വീണ്ടും സാംപിൾ ശേഖരിച്ച് പരിശോധന നടത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
