ശബരിമല സ്വര്‍ണക്കൊള്ള; യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു

കേസിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എസ്‌ഐടിയുടെ നിർണായക നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു

author-image
Devina
New Update
adoor prakashu

 തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകി വിളിച്ചുവരുത്തി എസ്‌ഐടി ഓഫീസിൽ വെച്ചാണ് അടൂർ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിന്റെ ബന്ധം അറിയുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ.

കേസിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എസ്‌ഐടിയുടെ നിർണായക നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ? എന്നിവ അറിയുന്നതിന് വേണ്ടിയാണ് അടൂർപ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്.പുറത്തുവന്ന ഫോട്ടോകളിൽ വ്യക്തത തേടിയാണ് എസ്‌ഐടി അടൂർപ്രകാശിനെ ചോദ്യം ചെയ്യുന്നത്. 

ബംഗളൂരുവിൽ വച്ച് ബെല്ലാരിയിലെ സ്വർണവ്യാപാരിയുമായുള്ള അടൂർ പ്രകാശിന്റെ കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തുവന്നിരുന്നു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിലും അടൂർ പ്രകാശിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

 ഇതിലെല്ലാം വ്യക്തത തേടാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. അതേസമയം മണ്ഡലത്തിലെ വോട്ടർ എന്ന നിലയിലും ശബരിമലയിലെ സ്‌പോൺസർ എന്ന നിലയിലും മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ളതെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം.