/kalakaumudi/media/media_files/2025/11/24/padmkumar-2025-11-24-09-17-19.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി പി എം നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പ്തമകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് എസ് ഐ ടി അപേക്ഷ നല്‍കും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകളില്‍ വിശദമായ പരിശോധനയക്കാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. താന്‍ പ്രസിഡന്റാകുന്നതിന് മുന്‍പ് തന്നെ പോറ്റി ശബരിമലയില്‍ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
കട്ടിളപാളികളില്‍ സ്വര്‍ണം പൂശാനുള്ള സ്‌പോണ്‍സര്‍ ഷിപ്പിനായി പോറ്റിയെ പത്മകുമാര്‍ വഴിവിട്ട് സഹായിച്ചെന്നും ഇതിനായി മിനുട്‌സില്‍ അടക്കം തിരുത്തുവരുത്തിയെന്നുമാണ് കണ്ടെത്തല്‍. പോറ്റി സര്‍ക്കാറിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതല്‍ വ്യക്തതയുണ്ടാക്കും. നിലവില്‍ റിമാന്‍ഡിലുള്ള മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യ ഹര്‍ജിയിലും ഇന്ന് വാദമുണ്ടാകും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിന്റെ വിദേശ യാത്രകളിലടക്കം അന്വേഷണം നടത്താന്‍ എസ് ഐ ടി നീക്കം നടത്തുന്നുണ്ട്. പത്മകുമാറിന്റെ പാസ്‌പോര്‍ട്ടടക്കം പിടിച്ചെടുത്തിട്ടുണ്ട്. പത്മകുമാറിനൊപ്പം ബോര്‍ഡിലുണ്ടായിരുന്ന അംഗങ്ങളായ കെ പി ശങ്കരദാസിന്റെയും വിജയകുമാറിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
തങ്ങളറിയാതെ പാളികള്‍ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ രേഖയില്‍ തിരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴി. ഇതാണ് പത്മകുമാറിന് വലിയ തിരിച്ചടിയായത്. പത്മകുമാറിന്റെ മൊഴിയാണ് കേസില്‍ ഇനി അതി നിര്‍ണ്ണായകം. സര്‍ക്കാറിന് ലഭിച്ച പോറ്റിയുടെ അപേക്ഷ ബോര്‍ഡിലേക്ക് കൈമാറിയെന്ന പത്മകുമാര്‍ നേരത്തെ നല്‍കിയ സൂചനയാണ് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കാകുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പത്മകുമാര്‍ പറയുമോ എന്നതാണ് പ്രധാനം. പത്മകുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കടകംപള്ളിയെ ചോദ്യം ചെയ്യുന്ന കാര്യത്തിലെ അന്തിമ തീരുമാനം.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എ പത്മകുമാറിന്റെ അറസ്റ്റോടെ വലിയ ആകാംഷയാണ് നിറയുന്നത്. ദേവസ്വം മുന്‍ പ്രസിഡന്റും സി പി എം ജില്ലാ കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ പത്മകുമാറിന്റെ അറസ്റ്റോടെ സി പി എം പ്രതിരോധത്തിലായിട്ടുണ്ട്. മുന്‍ ദേവസ്വം മന്ത്രിയും സി പി എമ്മിന്റെ ഉന്നതനായ നേതാവുമായ കടകംപള്ളി സുരേന്ദ്രന് കുരുക്കാകുന്ന മൊഴികള്‍ പത്മകുമാര്‍ എസ് ഐ ടിക്ക് നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ദേവസ്വം മന്ത്രി വി എന്‍ വാസവനിലേക്കും അന്വേഷണം എത്തുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്തായാലും ഇക്കാര്യങ്ങളില്‍ ആകാംക്ഷ തുടരുകയാണ്. പത്മകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ എസ് ഐ ടി വിളിപ്പിക്കുമോയെന്നതടക്കം കണ്ടറിയണം. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നടക്കം പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
എന്തായാലും കസ്റ്റഡിയില്‍ വാങ്ങി പത്മകുമാറിനെ ചോദ്യം ചെയ്യുന്നത് കേസില്‍ നിര്‍ണായകമാകും. പത്മകുമാര്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയല്‍ കടകംപള്ളിക്ക് കുരുക്കാകും. അതേസമയം സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡിന്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സര്‍ക്കാര്‍ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നില്‍ വന്നിട്ടില്ലെന്നുമാണ് കടകംപള്ളിയുടെ പ്രതികരണം.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വെച്ച് പോറ്റി വന്‍തോതില്‍ പിരിവും തട്ടിപ്പും നടത്തിയെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. പാളികള്‍ ചെന്നൈയില്‍ നടന്‍ ജയറാം അടക്കമുള്ളവരുടെ വീടുകളിലും കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് ജയറാമിന്റെ മൊഴി സാക്ഷി എന്ന നിലയില്‍ രേഖപ്പെടുത്തുക. പാളി വെച്ച് പ്രമുഖരെ പറ്റിച്ചെന്നാണ് എസ് ഐ ടി വിലയിരുത്തല്‍. ജയറാം അടക്കമുള്ള വി ഐ പികളെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളിയുടെ മറവില്‍ പറ്റിച്ചെന്നാണ് കണ്ടെത്തല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
