/kalakaumudi/media/media_files/2025/10/22/sabpp-2025-10-22-08-24-57.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് എസ്‌ഐടി. രേഖകളില്‍ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തല്‍. 2019ല്‍ സ്വര്‍ണ പാളികളും കട്ടിളയും കൈമാറാന്‍ തീരുമാനിച്ച ദേവസ്വം മിനിട്ടുസ് ബുക്ക് എസ്‌ഐടി പിടിച്ചെടുത്തു. എസ്‌ഐടി പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കിട്ടിയത്.
രേഖകള്‍ കൈമാറുന്നതില്‍ ബോര്‍ഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. കവര്‍ച്ച മറയ്ക്കാന്‍ ഇപ്പോഴത്തെ ബോര്‍ഡും ശ്രമിച്ചെന്ന നിഗമനത്തിലേക്ക് കോടതി എത്തിയതോടെ ദേവസ്വവും സര്‍ക്കാരും ഊരാക്കുടുക്കിലായി. സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദികള്‍ ആരാണെന്നതില്‍ അന്വേഷണം തുടരുകയാണ്.
ശബരിമലയില്‍ 2019 ലെ സ്വര്‍ണവര്‍ച്ച മറച്ചുവയ്ക്കാനാകണം ഇക്കൊല്ലവും സ്വര്‍ണംപൂശലിനുള്ള ചുമതല സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ തന്നെ ഏല്‍പിച്ചതെന്ന നിഗമനത്തിലേക്ക് ഹൈക്കോടതി എത്തിയതോടെ സര്‍ക്കാരും ബോര്‍ഡും കടുത്ത പ്രതിസന്ധിയിലായി.
ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും മാത്രമായി അന്വേഷണം ഒതുക്കരുതെന്നും പിന്നിലുള്ള വന്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചതോടെ ശബരിമല സ്വര്‍ണക്കവര്‍ച്ച അന്വേഷണത്തിന്റെ ഗതി തന്നെ മാറുകയാണ്.
അതേസമയം, ശബരിമല സ്വര്‍ണ കൊള്ളയില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഈ മാസം മുപ്പതുവരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.
രണ്ട് ലക്ഷം രൂപയും സ്വര്‍ണ്ണനാണയങ്ങളുമടക്കം പിടിച്ചെടുത്തവയിലുണ്ട്. ഇവ ശബരിമലസ്വര്‍ണ കൊള്ളയുടെ ഭാഗമായിട്ടാണ് കിട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. കേസില്‍ പ്രതിചേര്‍ത്ത ഉദ്യോഗസ്ഥരുടേത് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളില്‍ നടക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വരും ദിവസങ്ങളില്‍ തെളിവെടുപ്പിനായും കൊണ്ടുപോകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
