ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് വീണ്ടും എസ്ഐടിയ്ക്ക് മുമ്പില്‍ ഹാജരാകും

110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചനം

author-image
Biju
New Update
potty

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഹാജരാകുന്നത്. 

110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചനം. മുരാരി ബാബുവിനും, ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്.

ജനുവരി 21ന് ആയിരുന്നു പോറ്റിക്ക് ദ്വാരപാലകപാളി കേസില്‍ ജാമ്യം ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം. 

ഫെബ്രുവരി 11 എന്‍ വാസു, 20  സിപിഎം നേതാവ് പത്മകുമാര്‍ അടക്കമുള്ള മറ്റ് പ്രതികളുടെയും അറസ്റ്റ് നടന്ന് 90 ദിവസം പൂര്‍ത്തിയാകും. നിലവിലെ സാഹചര്യത്തില്‍ ഇരുവര്‍ക്കും കൂടി ജാമ്യം ലഭിച്ചേക്കും. പോറ്റിയുമായുള്ള ബന്ധത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, അടൂര്‍ പ്രകാശ് അടക്കമുള്ളവര്‍ക്കെതിരെ എസ്ഐടി അന്വേഷണം തുടരുന്നതിനിടെയാണ് പോറ്റി പുറത്തെത്തുന്നത്. 

ഇക്കാര്യത്തില്‍ പോറ്റി എന്ത് വെളിപ്പെടുത്തല്‍ നടത്തും എന്നതും കാത്തിരുന്ന് കാണണം. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന പോറ്റിയെ കാത്തി ഇഡിയുമുണ്ട്. നേരത്തെ 1.3 കോടി രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു. സ്വര്‍ണക്കൊള്ളയിലെ സാമ്പത്തിക ഇടപാടില്‍ ഇഡിയും ഉടനെ ചോദ്യം ചെയ്യും.

അതേസമയം തന്ത്രിയുടെ ജാമ്യഹര്‍ജി എതിര്‍ത്ത് കൊണ്ടുള്ള എസ്ഐടിയുടെ റിപ്പോര്‍ട്ട് ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കും. തിങ്കളാഴ്ചയാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.