/kalakaumudi/media/media_files/2025/10/31/sab-2025-10-31-17-24-56.jpg)
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കടത്തുകേസില്‍ ദേവസ്വം രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞത് സംബന്ധിച്ച രേഖകളാണ് എസ്‌ഐടി (പ്രത്യേകാന്വേഷണ സംഘം) കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ദേവസ്വം ബോര്‍ഡ് രേഖകള്‍ കൈമാറുന്നില്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത്.
1998-ല്‍ ശ്രീകോവിലിലും ദ്വാരപാലക ശില്‍പത്തിന്റെ പാളികളിലും വാതിലുകളിലും വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്നതിന്റെ ആധികാരിക തെളിവുകളും രേഖകളും എസ്‌ഐടി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കാണുന്നില്ലെന്നും നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി.
എന്നാല്‍, രേഖകള്‍ കൈമാറാന്‍ തയ്യാറാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന്, എസ്‌ഐടി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്തെത്തി പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് വിവരം. ഇപ്പോഴും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എസ്‌ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുമരാമത്ത് വിഭാഗത്തില്‍നിന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
