/kalakaumudi/media/media_files/2026/01/14/makaravilakku-2026-01-14-08-54-17.jpg)
സന്നിധാനം : ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. മകരവിളക്ക് മഹോത്സവത്തിന് ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. 6:20 ഓടെ ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടര്‍ന്ന് ദീപാരാധന നടക്കും. ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് 30,000 പേരെ മാത്രം വെര്‍ച്വല്‍ ക്യൂ വഴി കടത്തിവിടാനാണ് തീരുമാനം. 5,000 പേരെ സ്പോട്ട് ബുക്കിങ് വഴിയും കടത്തിവിടും. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. എരുമേലി കാനനപാത വഴി തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
തിരുമുറ്റത്തും ഫ്‌ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്‍പ്പെുത്തിയിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. പാണ്ടിത്താവളം, ശരംകുത്തി, യൂടേണ്‍ തുടങ്ങിയ ഇടങ്ങളിലെ വ്യൂ പോയിന്റുകളില്‍ മകരജ്യോതി ദര്‍ശനത്തിന് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മകരജ്യോതി ദര്‍ശിച്ച് തിരിച്ചിറങ്ങാന്‍ മൂന്ന് റൂട്ടുകള്‍
പാണ്ടിത്താവളത്തുനിന്ന് ദര്‍ശന്‍ കോംപ്ലക്സിന് പിന്‍ഭാഗത്തിലൂടെ, നടപ്പന്തലിന് പിന്‍ഭാഗം വഴി കൊപ്രാക്കളം, ട്രാക്റ്റര്‍ റോഡിലൂടെ, കെഎസ്ഇബി ജങ്ഷനിലെത്തും.
പാണ്ടിത്താവളം ജങ്ഷനില്‍നിന്ന് മാളികപ്പുറം ഭാഗത്തുള്ള ഇറക്കം വഴി, പോലീസ് ബാരക്ക്, ബെയ്ലി പാലം വഴി ചന്ദ്രാനന്ദന്‍ റോഡിലെത്തും. നടപ്പന്തലിന്റെ മധ്യഭാഗം വഴി കെഎസ്ഇബി ജങ്ഷനിലെത്തും.
മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ടെന്ന് കെ ജയകുമാര്‍ പറഞ്ഞു. തിരിച്ചിറങ്ങുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മകരജ്യോതി ദര്‍ശിച്ച് മടങ്ങുന്ന ഭക്തരെ വിവിധ സ്ഥലത്തേക്ക് തിരകെ എത്തിക്കുന്നതിന് പമ്പയില്‍നിന്ന് ചെയിന്‍ സര്‍വീസും ദീര്‍ഘദൂര സര്‍വീസും ഉള്‍പ്പടെ ആയിരത്തോളം കെഎസ്ആര്‍ടി ബസുകള്‍ സര്‍വീസ് നടത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
