ശബരിമല മണ്ഡലപൂജ; നാളെ വൈകിട്ട് 7 മുതല്‍ പമ്പയില്‍നിന്ന് പ്രവേശനമില്ല

ഹൈക്കോടതിയുടെ ഡിസംബര്‍ 19ലെ ഉത്തരവ് പ്രകാരം ഇന്നത്തെയും നാളത്തെയും വെര്‍ച്ചല്‍ ക്യൂ ബുക്കിങ്ങും സ്‌പോട്ട് ബുക്കിങ്ങും വെട്ടിക്കുറച്ചിരുന്നു.

author-image
Prana
New Update
sabarimala temple

മണ്ഡലപൂജ ചടങ്ങുകള്‍ ആരംഭിക്കുന്ന നാളെ വൈകിട്ട് ഏഴു മണിക്ക് ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ മല കയറാന്‍ അനുവദിക്കില്ല. കേരള ഹൈക്കോടതിയുടെ ഡിസംബര്‍ 19ലെ ഉത്തരവ് പ്രകാരം ഇന്നത്തെയും നാളത്തെയും വെര്‍ച്ചല്‍ ക്യൂ ബുക്കിങ്ങും സ്‌പോട്ട് ബുക്കിങ്ങും വെട്ടിക്കുറച്ചിരുന്നു. ഇതുപ്രകാരം നാളെ അറുപതിനായിരം അയ്യപ്പഭക്തര്‍ക്ക് ആണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ ദര്‍ശനം നടത്താന്‍ ആവുക. സ്‌പോട് ബുക്കിങ്ങിലൂടെ അയ്യായിരം പേര്‍ക്കും ദര്‍ശനം നടത്താം. 
അതേസമയം, തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയുളള ദീപാരാധന നടന്നു. 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുള്ള മണ്ഡലപൂജ ചടങ്ങുകള്‍ നാളെ നടക്കും. ഉച്ചയ്ക്ക് 1.30ന് ദേവസ്വം മന്ത്രി വി. എന്‍ വാസവന്‍ പമ്പയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു. വൈകിട്ട് അഞ്ചരയോടെ ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും പ്രതിനിധി സംഘം സന്നിധാനത്ത് നിന്ന് ശരംകുത്തിയില്‍ എത്തി ഘോഷയാത്രയെ  ആചാരപൂര്‍വ്വം  സ്വീകരിച്ചു. വാദ്യമേളങ്ങളുടെ  അകമ്പടിയില്‍ വലിയ നടപ്പന്തലും കടന്ന് സന്നിധാനത്ത് എത്തിയ ഘോഷയാത്ര 6.20 ഓടെ പതിനെട്ടാം പടി ചവിട്ടി.
പടി കയറി എത്തിയ പേടകത്തെ കൊടിമര ചുവട്ടില്‍ ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിന്റെയും നേതൃത്വത്തില്‍ പേടകം ഏറ്റുവാങ്ങി തന്ത്രിക്കും മേല്‍ശാന്തിക്കും കൈമാറി. 6.30 ഓടെ തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തങ്ക അങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടന്നു. ദീപാരാധനയ്ക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റി തുടങ്ങി. ആയിരക്കണക്കിന് ഭക്തരാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്നത്. നാളെ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ ചടങ്ങുകള്‍.

virtual queue highcourt Sabarimala mandalapooja