ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം ;ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

മുതിർന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട തീർഥാടകരാണ് ജീവനക്കാരുടെ ഇടപെടലിൽ റോഡിൽ കുടുങ്ങിയത്. ബസിൽ നിന്നിറങ്ങിയ തീർഥാടകർ മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് യാത്ര തുടർന്നത്

author-image
Devina
New Update
ksrtc

പത്തനംതിട്ട: പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്ത ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി. താൽക്കാലിക ഡ്രൈവർ എൻ സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടർ കെ എൻ പ്രേമസുതനെ തിരുവനന്തപുരം പൂവാറിൽനിന്ന് കാസർകോട് കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റി. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആർടിസിയുടെ സൽപേരിനു കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഇന്നലെ രാത്രിയായിരുന്നു നടപടിക്ക് കാരണമായ സംഭവങ്ങൾ അരങ്ങേറിയത്. ബസിലെ യാത്രക്കാരെ നിലയ്ക്കൽ സ്റ്റാൻഡിനു പകരം നിലയ്ക്കൽ ഗോപുരം കഴിഞ്ഞ് റോഡിൽ വനമേഖലയിൽ ഇറക്കിവിടുകയായിരുന്നു.

മുതിർന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട തീർഥാടകരാണ് ജീവനക്കാരുടെ ഇടപെടലിൽ റോഡിൽ കുടുങ്ങിയത്. ബസിൽ നിന്നിറങ്ങിയ തീർഥാടകർ മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് യാത്ര തുടർന്നത്.തീർഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്റെയും വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയത്തിൽ അധികൃതർ ഇടപെട്ടത്. സംഭവത്തെക്കുറിച്ച് വിജിലൻസ് ഓഫിസർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്.