ശബരിമലയിലെ പതിനെട്ടാംപടിയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ഹൈകോടതി പറഞ്ഞു. സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. എന്നാല്‍, ഇവിടെ ഫോട്ടോ എടുക്കുന്നതു പോലുള്ള നടപടികള്‍ അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
എഡിജിപിയും ഫോട്ടോ വിവാദത്തില്‍ ഇടപെട്ടു. സംഭവത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് എഡിജിപി റിപോര്‍ട്ട് തേടി.
സന്നിധാനത്ത് ആദ്യ ബാച്ചിലുണ്ടായിരുന്ന പോലീസുകാരാണ് ഡ്യൂട്ടിക്കു ശേഷം പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുകയും ചെയ്തു.
ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിപോര്‍ട്ട് നല്‍കണമെന്നും കോടതി ദേവസ്വം ബഞ്ച് നിര്‍ദേശിച്ചു.
ശബരിമല പതിനെട്ടാം പടിയില്‍ പോലീസുകാര്‍ ഫോട്ടോ ഷൂട്ട് നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്ററെ അതൃപ്തി അറിയിച്ചു. പോലീസുകാരുടെ പ്രവൃത്തി അനുചിതമായിപ്പോയെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി.