കൊച്ചി : ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനും ദര്‍ശനം സുഗമമാക്കുന്നതും ലക്ഷ്യമിട്ട് രൂപീകരിച്ച 'പുണ്യം പൂങ്കവനം' പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നടപടി. പണം പിരിച്ചെന്ന ആരോപണം അന്വേഷിച്ച പൊലീസ് റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ കോടതി നടുക്കവും രേഖപ്പെടുത്തി.
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി കോ-ഓര്‍ഡിനേറ്റര്‍ എരുമേലിയില്‍ ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയും സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശബരിമല ചീഫ് പൊലീസ് കോഓര്‍ഡിനേറ്ററോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഉള്ളടക്കത്തില്‍ നടുക്കം രേഖപ്പെടുത്തി. പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഉത്തരവിട്ട കോടതി, റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരില്‍ ഭക്തര്‍ വഞ്ചിക്കപ്പെടരുതെന്നും ഇതിനായി പ്രചരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2011ലാണ് കമ്യൂണിറ്റി പൊലീസിങ്ങിന്റെ ഭാഗമായി ശബരിമലയില്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. മണ്ഡല - മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.