മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

ഇന്ന് രാവിലെ തീർഥാടകർക്ക് ദർശനം ഉണ്ടായിരുന്നില്ല. രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം നടത്താൻ അനുവാദം ഉണ്ടായിരുന്നത്.ദർശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി.

author-image
Devina
New Update
thanthri

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂർത്തിയാക്കി ശബരിമല നട അടച്ചു. അയ്യപ്പനെ വിഭൂതി കൊണ്ട് മൂടി യോഗനിദ്രയിലാക്കി. ഇന്ന് രാവിലെ തീർഥാടകർക്ക് ദർശനം ഉണ്ടായിരുന്നില്ല. രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം നടത്താൻ അനുവാദം ഉണ്ടായിരുന്നത്.ദർശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി.

തുടർന്ന് പതിനെട്ടാം പടി ഇറങ്ങി. അദ്ദേഹത്തോടൊപ്പം ഉടവാളും പരിചയും വിളക്കുമായി മറ്റൊരാൾ അകമ്പടിയായി ഉണ്ടായിരുന്നു. പതിനെട്ടാം പടി ഇറങ്ങി താഴെയെത്തിയ രാജപ്രതിനിധിക്ക് ശബരിമല മേൽശാന്തി ശ്രീകോവിൽ പൂട്ടി താക്കോൽ കൈമാറി. മാളികപ്പുറം മേൽശാന്തി അടക്കം അവിടെ സന്നിഹിതരായിരുന്നു.രാജപ്രതിനിധിയും ശബരിമല മേൽശാന്തിയും പതിനെട്ടാം പടിക്ക് മുന്നിൽ സാഷ്ടാംഗം പ്രണാമം നടത്തി.

അതിന് ശേഷം താക്കോൽകൂട്ടവും ഒരു വർഷത്തെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികൾക്ക് രാജപ്രതിനിധി കൈമാറി. രാജപ്രതിനിധി ഇറങ്ങുന്നതിന് മുൻപ് മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പന് ചാർത്തിയ തിരുവാഭരണ പേടകങ്ങൾ പന്തളത്തേയ്ക്ക് യാത്രയായി.