ചട്ടം ലംഘിച്ച് സ്വര്‍ണം സ്വീകരിച്ചു; ശബരില മുന്‍ അഡ്വ. കമ്മീഷണര്‍ എഎസ്പി കുറുപ്പിനെതിരെ വിജിലന്‍സ്

കൊടിമര നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷണത്തില്‍ വിജിലന്‍സ് അതിവേഗ നീക്കമെടുത്തിരിക്കുകയാണ്. രേഖകള്‍ ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ആണ് കത്ത് നല്‍കിയത്.

author-image
Biju
New Update
sabarimala

തിരുവനന്തപുരം: ശബരിമല കൊടിമര നിര്‍മ്മാണത്തിലെ സ്വര്‍ണം സ്വീകരിച്ചതില്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തല്‍. എക്‌സിക്യൂട്ടീവ് ഓഫീസറെ ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരില്‍ നിന്ന് സ്വര്‍ണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍. രേഖകളില്‍ സ്വര്‍ണം കൈമാറിയവരുടെ പേര് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി.

കൊടിമര നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷണത്തില്‍ വിജിലന്‍സ് അതിവേഗ നീക്കമെടുത്തിരിക്കുകയാണ്. രേഖകള്‍ ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ആണ് കത്ത് നല്‍കിയത്. നിലവില്‍ രേഖകളെല്ലാം എസ്‌ഐടിയിലും ദേവസ്വം വിജിലന്‍സ് കസ്റ്റഡിയിലുമാണ്.

ഹൈക്കോടതിക്ക് ദേവസ്വം വിജിലന്‍സ് കൈമാറിയ റിപ്പോര്‍ട്ടിലാണ് മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. കൊടിമര നിര്‍മ്മാണത്തിനായി സ്വര്‍ണം സ്വീകരിച്ചതില്‍ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണ്ണം സംഭാവനയായി സ്വീകരിക്കാന്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍, ഭക്തജനങ്ങളില്‍ നിന്നും സ്വര്‍ണം സ്വീകരിച്ചത് കുറുപ്പാണെന്ന് ദേവസം വിജിലന്‍സ് കണ്ടെത്തി. സ്വര്‍ണ്ണം സ്വീകരിച്ചാല്‍ ത്രീ എ രജിസ്റ്ററില്‍ രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സ്വര്‍ണ്ണം കൈമാറിയവരുടെ പേരുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ല. ഒരു ഭക്തന്‍ എന്ന് മാത്രമാണ് പല രേഖകളിലും കണ്ടിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.

9573.01 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതില്‍ കൊടിമര നിര്‍മ്മാണത്തിന് 9340.200 ഗ്രാം ഉപയോഗിച്ചു. ബാക്കി സ്വര്‍ണം താഴികക്കുട നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി പറയുന്നു. ഇക്കാര്യത്തില്‍ വിശദപരിശോധന വേണം. എഎസ്പി കുറുപ്പിന്റെ മൊഴി എസ്‌ഐടിയും ദേവസ്വം വിജിലന്‍സും രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദേവസ്വം വിജിലന്‍സിന്റെ റിപോര്‍ട്ട് പ്രകാരമാണ് പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.