ശബരിമലയിലെ സ്വര്‍ണം ഗോവര്‍ധനന്റെ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തി

ഉണ്ണിക്കൃഷ്ണന്‍ പോറ്റി വില്‍പന നടത്തിയ സ്വര്‍ണം ബെള്ളാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ കയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലും ബെള്ളാരിയിലുമായി തെളിവെടുപ്പു നടത്തുകയായിരുന്നു

author-image
Biju
New Update
sabpp

തിരുവനന്തപുരം: ശബരിമലയില്‍നിന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി കടത്തിയ സ്വര്‍ണം കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, വ്യാപാരിയായ ഗോവര്‍ധന് കൈമാറിയ സ്വര്‍ണമാണ് കര്‍ണാടകയിലെ ബെള്ളാരിയില്‍നിന്ന് കണ്ടെത്തിയത്. 

ഗോവര്‍ധന്റെ ജ്വല്ലറിയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന വിവരം. സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം തനിക്കു നല്‍കിയെന്നാണ് ഗോവര്‍ധന്റെ മൊഴി. അത്രയും സ്വര്‍ണം കണ്ടെത്താനായോ എന്നു വ്യക്തമല്ല.

ശബരിമലയില്‍നിന്നു കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം ഇന്നലെയാണ് ബെള്ളാരിയിലെത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി വില്‍പന നടത്തിയ സ്വര്‍ണം ബെള്ളാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ കയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലും ബെള്ളാരിയിലുമായി തെളിവെടുപ്പു നടത്തുകയായിരുന്നു. സ്വര്‍ണം വീണ്ടെടുത്തതോടെ ഗോവര്‍ധനെ കേസില്‍ സാക്ഷിയാക്കാനാണ് എസ്‌ഐടിയുടെ നീക്കം.

സ്വര്‍ണം വിറ്റെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി എസ്പി ശശിധരനോടു സമ്മതിച്ചിരുന്നു. ഇതു വാങ്ങിയെന്നു ഗോവര്‍ധനും സമ്മതിച്ചതോടെയാണു തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ വഴിതെളിഞ്ഞത്. തൊണ്ടിമുതല്‍ കിട്ടിയതോടെ, ഗൂഢാലോചനയ്‌ക്കൊപ്പം പൊതുമുതല്‍ മോഷ്ടിച്ചു വിറ്റെന്ന കേസും ചുമത്തും. സ്വര്‍ണം കൊടുത്തുവിട്ടവരും തീരുമാനമെടുത്തവരും പ്രതികളാകും.

Sabarimala