ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും

ശ്രീകോവിലിലെ സ്വര്‍ണ്ണപാളികളുടെ സാമ്പിളുകള്‍ എവിടെ പരിശോധിക്കും എന്ന കാര്യത്തില്‍ എസ്‌ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കും. ജംഷെഡ്പൂരിലെ ലാബില്‍ പരിശോധിക്കാനാണ് എസ് ഐ ടി തീരുമാനം

author-image
Biju
New Update
sabpp

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവില്‍ സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ പരിശോധന ജംഷെഡ്പൂരിലെ ലാബില്‍ നടത്തുമെന്ന് എസ്‌ഐടി കോടതിയെ അറിയിക്കും. സ്വര്‍ണക്കൊളള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പിടിവള്ളിയാക്കിക്കൊണ്ടാണ് പത്മകുമാര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശ്രീകോവിലിലെ സ്വര്‍ണ്ണപാളികളുടെ സാമ്പിളുകള്‍ എവിടെ പരിശോധിക്കും എന്ന കാര്യത്തില്‍ എസ്‌ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കും. ജംഷെഡ്പൂരിലെ ലാബില്‍ പരിശോധിക്കാനാണ് എസ് ഐ ടി തീരുമാനം. ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് ആണ് വിഷയം പരിഗണിക്കുന്നത്. കൊടിമര പുന:പ്രതിഷ്ഠയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച കാര്യം വിജിലന്‍സും അറിയിക്കും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം. കൊടിമര നിര്‍മ്മാണത്തിന് ഉപയോഗിച്ച സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, എ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക ശില്‍പ കേസില്‍ ജയിലില്‍ തുടരും. ദ്വാരപാലകയിലും 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും.