/kalakaumudi/media/media_files/2026/02/09/sachithanandan-2026-02-09-13-48-57.jpg)
തൃശ്ശൂര്‍: ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണം സംബന്ധിച്ച തന്റെ നിരീക്ഷണങ്ങളില്‍ വിശദീകരണവുമായി എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. ഒരു പാര്‍ട്ടിക്ക് തുടര്‍ഭരണം ലഭിക്കുന്നത് അത്ര നല്ല ആശയമല്ലെന്നും, ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പലപ്പോഴും പാര്‍ട്ടി പോലും ആഗ്രഹിക്കാത്ത തരം ആളുകളും അവസരവാദികളും ഭരണസംവിധാനത്തിലേക്ക് കടന്നുവരാനും സ്വന്തം ആവശ്യങ്ങള്‍ക്കായി പാര്‍ട്ടിയെ ഉപയോഗിക്കാനും സാഹചര്യമുണ്ടാകുന്നുണ്ട്. ഇത്തരം ഒരു തകര്‍ച്ച ഇടതുപക്ഷത്തിന് ഉണ്ടാകാതിരിക്കണമെങ്കില്‍ പ്രതിപക്ഷത്തിരുന്നുള്ള സജീവമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ അര്‍ഥവത്താക്കുന്നത് കരുത്തുറ്റ പ്രതിപക്ഷമാണെന്നും, പ്രതിപക്ഷത്തിരിക്കുന്നത് പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാനുള്ള വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും, വീണ്ടും ഒരു ഭരണം കൂടി ലഭിച്ചാല്‍ അങ്ങനെയൊരു പതനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. അധികാരമോഹികള്‍ പാര്‍ട്ടിയില്‍ വന്നുചേരുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ ഇല്ലാതാക്കാനും ജനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ അകറ്റാനും കാരണമാകും.
നിലവിലെ സര്‍ക്കാരിന്റെ കീഴില്‍ വികസനം, പരിസ്ഥിതി സംരക്ഷണം, സാക്ഷരത, മലയാള ഭാഷയ്ക്ക് നല്‍കുന്ന പ്രാധാന്യം തുടങ്ങി നിരവധി നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ, ഭരണ നേതൃത്വത്തെയോ പാര്‍ട്ടിയെയോ വിമര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഭയമുണ്ടാകുന്ന സാഹചര്യം ഉണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടാതെ, വോട്ട് ലക്ഷ്യമാക്കി ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള മതേതര പാര്‍ട്ടികളുടെ ശ്രമങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ആശയപരമായ തലത്തില്‍, സിപിഎം ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായി മാറണമെന്നാണ് തന്റെ അഭിപ്രായമെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി. പഴയകാലത്തെ സായുധ വിപ്ലവങ്ങളെക്കുറിച്ചുള്ള സംസാരങ്ങളില്‍ കാപട്യമുണ്ടെന്നും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സ്റ്റാലിനിസവും ചൈനയുടെ സാമ്രാജ്യത്വ സ്വഭാവവും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ രാജ്യങ്ങളില്‍ കമ്മ്യൂണിസം പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്, അതിനാല്‍ സോഷ്യലിസം ലക്ഷ്യമാക്കിയുള്ള ജനാധിപത്യത്തിലാണ് ഇന്ത്യന്‍ പാര്‍ട്ടികള്‍ വിശ്വസിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ഭരണം പാര്‍ട്ടിയെ നശിപ്പിക്കുമെന്നും തുടര്‍ച്ചയായ ഭരണത്തേക്കാള്‍ ജനാധിപത്യത്തിന് ഗുണകരമാകുക മാറിമാറിയുള്ള ഭരണമാണെന്ന് സച്ചിദാനന്ദന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ വീഴ്ച ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു സച്ചിദാനന്ദന്റെ നിരീക്ഷണം. ദീര്‍ഘകാലം അധികാരത്തിലിരുന്നപ്പോള്‍ ബംഗാളില്‍ ഒരു വിഭാഗം അടിച്ചമര്‍ത്തപ്പെട്ടുവെന്നും നീതി നിഷേധം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മൂന്നാം ഭരണത്തിനായി പ്രചാരണം നടത്തുന്നതിനിടെ സി.പി.എം സഹയാത്രികന്‍ കൂടിയായ സച്ചിദാനന്ദന്‍ഇത്തരമൊരു നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
സച്ചിദാനന്ദന്റെ മുന്‍പത്തെ ലേഖനത്തോട് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പറഞ്ഞിരുന്നു. ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന സൂചനയായിട്ടാണ് ഇതിനെ കാണുന്നതെന്നും, ഇടതുപക്ഷത്തിന് ആത്യന്തികമായ വിജയമോ പരാജയമോ ഇല്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ഏത് വിമര്‍ശനവും ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയ്യാറാണെന്നും എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഗവണ്‍മെന്റ് തുടരേണ്ടത് അത്യാവശ്യമാണെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.
ഇതിനിടെ, സച്ചിദാനന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും ഒരു ഇടതുപക്ഷ അഭ്യുദയകാംക്ഷി മാത്രമാണെന്ന് കെ.കെ ശൈലജ ടീച്ചറും പ്രതികരിച്ചു. വികസനത്തിന്റെ തുടര്‍ച്ചയ്ക്കായി ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും വരണമെന്നാണ് മുന്നണിയുടെ നിലപാടെന്നും അവര്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
